കുവൈത്തിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടിയും ഉറപ്പാക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ശക്തമായ നടപടികൾ പ്രഖ്യാപിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്. സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം സുപ്രധാനമായ ഭരണപരിഷ്കാരങ്ങൾ വെളിപ്പെടുത്തിയത്.
നിയമങ്ങൾ പാലിക്കുന്ന തൊഴിലുടമകൾക്ക് നടപടിക്രമങ്ങൾ ലളിതമാക്കും. നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ മറ്റൊരിടത്ത് ജോലി ചെയ്യുന്നത് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കമ്പനി ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവർ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.
അതേസമയം, തൊഴിലുടമകളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമായി പ്രത്യേക ആശയവിനിമയ സംവിധാനം ഏർപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൊഴിലാളികളുടെ ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കുവൈത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് 'ഫ്രീലാൻസ്' വിഭാഗത്തിലുള്ള പുതിയ റസിഡൻസി പെർമിറ്റുകൾ അനുവദിക്കാനുള്ള തീരുമാനമാണ്. 750 മുതൽ 1,000 കുവൈത്ത് ദിനാർ വരെ സർക്കാർ ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും ഈ വിസകൾ അനുവദിക്കുക. പ്രൊഫഷണലുകൾക്കും വിദഗ്ധ തൊഴിലാളികൾക്കും നിയമവിധേയമായി സ്വതന്ത്രമായി ജോലി ചെയ്യാൻ ഈ സംവിധാനം അവസരമൊരുക്കും. കുവൈത്തിലെ തൊഴിൽ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും അനധികൃത വിസ കച്ചവടം തടയാനും ഈ നീക്കം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.


