വന്ദേ ഭാരത്: ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത് 11,000ത്തിലധികം പേര്‍

By Web TeamFirst Published Jul 13, 2020, 2:44 PM IST
Highlights

വന്ദേ ഭാരത് ദൗത്യം ആരംഭിച്ചതിന് ശേഷം 64 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തിയത്.

ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് വിമാനങ്ങളില്‍ ഖത്തറില്‍ നിന്ന് ഇതുവരെ മടങ്ങിയത് 11,000ത്തിലധികം പേര്‍. വന്ദേ ഭാരത് ദൗത്യം ആരംഭിച്ചതിന് ശേഷം 64 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

മടങ്ങിയെത്തിയവരില്‍ 11,434 മുതിര്‍ന്നവരും 277 കുഞ്ഞുങ്ങളുമാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ 155 മുതിര്‍ന്നവരും ഒമ്പത് കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. ഹൈദരാബാദിലേക്ക് 208 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളും കൊച്ചിയിലേക്ക് 212 യാത്രക്കാരും രണ്ട് കുഞ്ഞുങ്ങളും അതേ ദിവസം തന്നെ മടങ്ങി. കണ്ണൂരിലേുള്ള വിമാനത്തില്‍ 154 മുതിര്‍ന്നവരും ഏഴ് കുഞ്ഞുങ്ങളും ബെംഗളൂരുവിലേക്ക് 207 മുതിര്‍ന്നവരും മൂന്ന് കുഞ്ഞുങ്ങളുമായിരുന്നു യാത്ര ചെയ്തത്.

ഇന്ത്യന്‍ എംബസിയും ബ്രസീല്‍ എംബസിയും സഹകരിച്ച് ബ്രസീലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാരെ ദോഹ വഴി വന്ദേ ഭാരത് മിഷനില്‍ ഇന്ത്യയിലെത്തിച്ചു. വന്ദേ ഭാരത് ദൗത്യത്തില്‍ 17 അധിക വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.  
 

click me!