മാസങ്ങളായി ശമ്പളമില്ല; കൊടും വേനലില്‍ വൈദ്യുതി മുടങ്ങിയ ക്യാമ്പില്‍ മലയാളികളുള്‍പ്പെടെ 200ലധികം തൊഴിലാളികള്‍

Published : Jul 27, 2020, 12:13 PM ISTUpdated : Jul 27, 2020, 12:26 PM IST
മാസങ്ങളായി ശമ്പളമില്ല; കൊടും വേനലില്‍ വൈദ്യുതി മുടങ്ങിയ ക്യാമ്പില്‍ മലയാളികളുള്‍പ്പെടെ 200ലധികം തൊഴിലാളികള്‍

Synopsis

മലയാളികളടക്കമുള്ള നിരവധിപ്പേര്‍ ഈ കമ്പനിയിലെ ജീവനക്കാരാണ്. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന് വളരെ മുമ്പേ തന്നെ മാസങ്ങളോളം ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇവര്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയെ നിരന്തരമായി സമീപിച്ചിരുന്നു.

മസ്കറ്റ്: ഗള്‍ഫ് മേഖലയില്‍ കൊടും വേനല്‍ക്കാലം ആയതിനാല്‍ വീടുകളിലും മുറികളിലും എയര്‍ കണ്ടീഷനുകള്‍ ഇല്ലാതെ  താമസിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിരവധി തൊഴിലാളികള്‍ ദുരിതത്തില്‍. ഇരുന്നൂറിലധികം തൊഴിലാളികളുള്ള ക്യാമ്പില്‍ ഇന്നലെ രാവിലെ മുതല്‍  വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

മാസങ്ങളോളം ശമ്പളം ലഭിക്കാതെയും വിസ കാലാവധി കഴിഞ്ഞും തൊഴിലുടമയുടെയും മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെയും കാരുണ്യത്തിനായി കാത്തിരിക്കുന്ന തൊഴിലാളികള്‍ക്കാണ് വീണ്ടും തിരിച്ചടിയായി ഇത്തരമൊരു അവസ്ഥ ഉണ്ടായതെന്ന് കമ്പനി ജീവനക്കാരനായ ബാലകൃഷ്ണന്‍ നാരായണന്‍കുട്ടി പറഞ്ഞു.

മലയാളികളടക്കമുള്ള നിരവധിപ്പേര്‍ ഈ കമ്പനിയിലെ ജീവനക്കാരാണ്. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന് വളരെ മുമ്പേ തന്നെ മാസങ്ങളോളം ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇവര്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയെ നിരന്തരമായി സമീപിച്ചിരുന്നു. എന്നാല്‍  അന്ന് മുതല്‍ക്ക് തന്നെ എംബസിയുടെ  തണുപ്പന്‍ സമീപനം മൂലം ഫലപ്രദമായ ഒരു നടപടികളും ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 

ഇവരോടൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ കുമ്പളക്കോട് പഴയന്നൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ ജൂണ്‍ നാലിനാണ് ഈ ക്യാമ്പില്‍ കുഴഞ്ഞുവീണു മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍  മുഹമ്മദ് ഹനീഫക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ കമ്പനികളില്‍ അഞ്ചു മുതല്‍ ഇരുപത്തിരണ്ട് വര്‍ഷം വരെ ജോലി ചെയ്തവര്‍ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമടക്കം വന്‍ തുകയാണ് ഇവര്‍ക്ക് ലഭിക്കുവാനുള്ളത്.

കൊവിഡ് ഭീതിയില്‍ ഒറ്റ മുറിയില്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ ഈ കൊടും ചൂടില്‍ കറന്‍റ് കൂടി ഇല്ലാതായതോടെ കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. തൊഴിലാളികളുടെ  വിഷയത്തില്‍  കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല
ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു