Latest Videos

സൗദി അറേബ്യയിൽ ഇതുവരെ പിടിയിലായത് 42 ലക്ഷത്തിലേറെ പ്രവാസികള്‍

By Web TeamFirst Published Nov 26, 2019, 12:23 PM IST
Highlights

രണ്ടുവർഷത്തിനിടെ സൗദി ആഭ്യന്തരവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇഖാമ, തൊഴിൽ, അതിർത്തിരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 4,217,722 വിദേശ തൊഴിലാളികളെ പിടികൂടിയത്. ഇതിനകം പത്ത് ലക്ഷം പേരെ നാടുകടത്തി.

റിയാദ്: വിവിധ നിയമങ്ങൾ ലംഘിച്ചതിന് രണ്ടുവർഷത്തിനിടെ 42 ലക്ഷത്തിലേറെ വിദേശികൾ പിടിയിലായതായി സൗദി വാർത്താ ഏജൻസി. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ ആഭ്യന്തരമന്ത്രാലയം 2017 നവംബർ മുതൽ നടത്തുന്ന പരിശോധനയിലാണ് ഇഖാമ, തൊഴിൽ, അതിർത്തിരക്ഷാ നിയമങ്ങൾ ലംഘിച്ച 4,217,722 വിദേശ തൊഴിലാളികളെ പിടികൂടിയത്. തൊഴിൽ സാമൂഹിക വികസന മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. 

പിടിക്കപ്പെട്ടവരിൽ നിയമനടപടികൾ പൂർത്തിയായ 1,047,336 തൊഴിലാളികളെ നാടുകടത്തി. സാധുവായ താമസരേഖ (ഇഖാമ) കൈയ്യിലില്ലാത്ത 3,297,278 ആളുകൾ അറസ്റ്റിലായതിൽ പെടുന്നു. തൊഴിൽ നിയമം ലംഘിച്ചത് 648,458 പേരും അതിർത്തി നിയമം ലംഘിച്ചത് 271,986 ആളുകളുമാണ്. രാജ്യത്തിന്റെ അതിർത്തികളിലൂടെ നുഴഞ്ഞുകയറ്റം നടത്തുന്നതിനിടെ 74,835 ആളുകൾ പിടിയിലായി. ഇതിൽ യമൻ പൗരന്മാരും 43 ശതമാനവും എത്യോപ്യൻ പൗരന്മാർ  54 ശതമാനവുമാണ്. മറ്റ് വിവിധ രാജ്യക്കാരാണ് ബാക്കി മൂന്ന് ശതമാനം. തെറ്റായ വഴികളിലൂടെ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച 2,924 വിദേശികളും പിടിയിലായതിൽ പെടും. നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യമൊരുക്കിയ കുറ്റത്തിന് പിടിയിലായ 4,669 പേരിൽ 1,702 പേർ സൗദി പൗരന്മാരാണ്. അതിൽ 1,662 ആളുകൾ ചോദ്യം ചെയ്യലിനും ശിക്ഷയ്ക്കും വിധേയമായ ശേഷം മോചിപ്പിക്കപ്പെട്ടു. 40 പേർ കസ്റ്റഡിയിൽ തുടരുകയാണ്.

പിടിക്കപ്പെട്ടതിൽ 14,176 വിദേശികൾ രാജ്യത്തെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നു. ഇതിൽ 12,661 പേർ പുരുഷന്മാരും 1,515 പേർ സ്ത്രീകളുമാണ്. 582,142 പേർക്ക് നിയമലംഘനം പിടിക്കപ്പെട്ട സന്ദർഭത്തിൽ തന്നെ സാമ്പത്തിക പിഴ ചുമത്തി. പിടിയിലായ 534,399 വിദേശികളുടെ യാത്രയ്ക്ക് ആവശ്യമായ രേഖകൾ തയാറാക്കാൻ അതാത് രാജ്യങ്ങളുടെ സൗദിയിലെ എംബസികളോടും കോൺസുലേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 709,576 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു. എല്ലാ നടപടികളും പൂർത്തിയായ 1,059,354 വിദേശികളെയാണ് നാടുകടത്തിയത്. 

click me!