സൗദി അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ പ്രവാസികള്‍ ഉള്‍പ്പെടെ 49 ലക്ഷം അപേക്ഷകർ

By Web TeamFirst Published Dec 2, 2019, 2:32 PM IST
Highlights

കമ്പനിയുടെ മൊത്തം ഓഹരികളിൽ 1.5 ശതമാനമാണ് വിപണിയിലിറക്കിയത്. ഓഹരിയുടെ യഥാർത്ഥ വില എത്രയാണെന്ന് ഡിസംബർ അഞ്ചാം തീയതി പ്രഖ്യാപിക്കും. 12-ാം തീയതി ഫൈനൽ അലോക്കേഷൻ നടപടികൾ പൂർത്തീകരിക്കും.

റിയാദ്: സൗദി അറേബ്യൻ ഓയിൽ കമ്പനി ‘സൗദി അരാംകോ’യുടെ ഓഹരികൾ സ്വന്തമാക്കാൻ മുന്നോട്ടുവന്ന വ്യക്തിഗത അപേക്ഷകരുടെ എണ്ണം 49,10,000. സൗദി പൗരന്മാരും രാജ്യത്തുള്ള വിദേശികളുമാണ് സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (തദാവുൽ) ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ ബാങ്കുകൾ വഴി പണമടച്ച് അപേക്ഷിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ 12 ദിവസ കാലാവധിക്കുള്ളിൽ വിപണി പ്രതീക്ഷച്ചതിലും വളരെയധികം ആളുകൾ ലോക എണ്ണ ഭീമന്റെ ഓഹരി സ്വന്തമാക്കാൻ തിരക്കുകൂട്ടിയിരുന്നു. 

നവംബർ 17ന് ആരംഭിച്ച ഓഹരി വിൽപനയിൽ വ്യക്തികൾക്ക് വാങ്ങാനുള്ള അവസരം വ്യാഴാഴ്ച അവസാനിച്ചിരുന്നു. തുടർന്നാണ് മൊത്തം അപേക്ഷകരുടെ കണക്ക് കമ്പനി പുറത്തുവിട്ടത്. അതേസമയം സ്ഥാപനങ്ങൾക്കുള്ള ഓഹരി വിൽപന ഡിസംബർ നാല് വരെ തുടരും. ഇതുവരെ ആകെ 166.27 ശതകോടി സൗദി റിയാലാണ് ഓഹരി വിലയായി അപേക്ഷകരിൽ നിന്നെത്തിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയുടെ മൊത്തം ഓഹരികളിൽ 1.5 ശതമാനമാണ് വിപണിയിലിറക്കിയത്. 

വ്യക്തികൾക്ക് ഒരു ശതകോടിയും സ്ഥാപനങ്ങൾക്ക് സ്ഥാപനങ്ങൾക്ക് രണ്ട് ശതകോടിയും ഓഹരികളാണ് വിൽപനക്ക് വെച്ചത്. ഇതിനിടെ ഇതുവരെ ഓഹരി സ്വന്തമാക്കിയ ആളുകൾക്ക് നന്ദിയും ആശംസയും അറിയിച്ച് അരാംകോ അധികൃതർ ട്വീറ്റ് ചെയ്തു. സ്ഥാപനങ്ങൾക്കുള്ള ഓഹരി വിൽപന ഡിസംബർ നാലിന് അവസാനിച്ചാൽ ഓഹരിയുടെ യഥാർത്ഥ വില എത്രയാണെന്ന് അഞ്ചാം തീയതി പ്രഖ്യാപിക്കും. ഡിസംബർ 12ന് ഫൈനൽ അലോക്കേഷൻ നടപടികൾ പൂർത്തീകരിക്കും.

click me!