നാട്ടിലേക്ക് മടങ്ങാൻ ശനിയാഴ്ച വരെ സൗദിയിൽ രജിസ്റ്റർ ചെയ്തത് 1,10,000 ഇന്ത്യക്കാർ

By Web TeamFirst Published Jun 17, 2020, 9:17 PM IST
Highlights

സന്ദർശന വിസയിൽ വന്നവർ 25 ശതമാനമുണ്ട്. ഗർഭിണികളും വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരുമായി 22 ശതമാനവും. രജിസ്റ്റർ ചെയ്തവരിൽ നിന്ന് വന്ദേഭാരത് പദ്ധതിപ്രകാരം ഇതുവരെ നാട്ടിലേക്ക് മടങ്ങാനായത് 9427 പേർക്കാണ്.

റിയാദ്: കൊവിഡ് പ്രതിസന്ധിയിൽ സൗദി അറേബ്യയിൽ നിന്ന് സ്വദേശത്തേക്ക് തിരിച്ചുപോകാൻ ഇന്ത്യൻ എംബസിയിൽ ശനിയാഴ്ച വരെ 1,10,000 ആളുകൾ രജിസ്റ്റർ ചെയ്തെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദ് സാമൂഹിക പ്രവർത്തകരുടെ യോഗത്തെ അറിയിച്ചു. ഇതിൽ 66 ശതമാനവും മലയാളികളാണ്. അതായത് 72600 പേർ. രണ്ടാം സ്ഥാനത്ത് തമിഴ്നാട്ടുകാരാണ്. ബാക്കി ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്തതിൽ 35 ശതമാനം ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകാൻ നിൽക്കുന്നവരാണ്.

സന്ദർശന വിസയിൽ വന്നവർ 25 ശതമാനമുണ്ട്. ഗർഭിണികളും വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരുമായി 22 ശതമാനവും. രജിസ്റ്റർ ചെയ്തവരിൽ നിന്ന് വന്ദേഭാരത് പദ്ധതിപ്രകാരം ഇതുവരെ നാട്ടിലേക്ക് മടങ്ങാനായത് 9427 പേർക്കാണ്. വിമാന ടിക്കറ്റ് വാങ്ങാൻ എയർ ഇന്ത്യയുടെ സൗദി അറേബ്യയിലെ ഓഫീസുകളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സാമൂഹികപ്രവർത്തകർ ഉന്നയിച്ച വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന ഉറപ്പാണ് അംബാസഡർ നൽകിയത്. ഒരുസമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ മാത്രം വിതരണം ചെയ്യാൻ എയർ ഇന്ത്യയോട് ക്രമീകരണം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ തിരക്ക് കുറയ്ക്കാനും ഏറെനേരം പുറത്തെ വെയിലിൽ ക്യൂനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും.

ടിക്കറ്റിങ്ങിന് ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള സാധ്യത നോക്കാൻ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. ടിക്കറ്റ് ചാർജ് കുറയ്ക്കണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അനുഭാവപൂർവം പരിഗണിക്കുന്നുണ്ട് എന്ന മറുപടിയാണ് അംബാസഡർ നൽകിയത്. 

click me!