
റിയാദ്: ഒന്നരമാസമായി റിയാദിലെ ആശുപത്രി മോർച്ചറിയിൽ അജ്ഞാത നിലയിൽ കിടന്ന മൃതദേഹം മലയാളിയുടേതാണെന്ന് കണ്ടെത്തി. റിയാദ് കെ.എം.സി.സിയുടെ ഇടപെടലിന്റെ ഫലമായാണ് തിരുവനന്തപുരം ശാസ്തവട്ടം സ്വദേശി രത്‌നകുമാർ (58) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
ഒന്നരമാസം മുമ്പ് റിയാദിലെ താമസസ്ഥലത്ത് വെച്ചായിരുന്നു രത്‌നകുമാർ മരിച്ചത്. എന്നാൽ മരിച്ച വ്യക്തിയെ കുറിച്ച് ആശുപത്രി അധികൃതർക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ റിയാദിൽ സംസ്കരിക്കുന്നതിന് തയ്യാറെടുക്കുമ്പോഴാണ് റിയാദ് ഇന്ത്യൻ എംബസി ഇടപെട്ടത്. എംബസി അധികൃതർ ഈ വിഷയം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനെ അറിയിക്കുകയും ആളാരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സ്‍പോൺസറുമായി വർഷങ്ങളായി ബന്ധമില്ലാതിരുന്ന രത്‌നകുമാറിന്റെ കാര്യത്തിൽ ഇടപെടാൻ സ്‍പോൺസർ തയ്യാറായില്ല. ഇഖാമയിലെ പേരിലെയും പാസ്‍പോർട്ട് നമ്പരിന്റെയും വ്യത്യാസവും കൂടുതൽ പ്രയാസമുണ്ടാക്കി. പാസ്‍പോർട്ടിന്റെ ആദ്യപേജിൽ നിന്ന് ലഭിച്ച വിവരങ്ങൾ വെച്ച് കൂടുതൽ അന്വേഷണം നടത്തുകയും തിരുവനന്തപുരം സ്വദേശിയാണ് എന്ന് മനസിലാക്കുകയും ചെയ്തു. തുടർന്ന് ഈ വിവരം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഫിറോസ് കൊട്ടിയം മുസ്‌ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദിനെ ബന്ധപ്പെടുകയും കുടുംബത്തെ കണ്ടെത്തി മരണവിവരം അറിയിക്കുകയുമായിരുന്നു.
25 വർഷമായി സൗദിയിലുള്ള രത്‌നകുമാർ 19 വർഷമായി നാട്ടിൽ പോകാതെ റിയാദിൽ തന്നെ കഴിയുകയായിരുന്നു. ഇലക്ട്രോണിക്സ് ജോലികൾ ചെയ്തുവരികയായിരുന്നു. മൂന്നു മാസം മുമ്പ് വരെ ഫോൺ വിളിക്കാറുണ്ടായിരുന്നെന്നും നാട്ടിൽ വരുന്ന കാര്യം ചോദിച്ചാൽ പിന്നെ കുറെ നാളത്തേക്ക് വിളിക്കാറില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. പിതാവ്: കുഞ്ഞികൃഷ്ണൻ, മാതാവ്: തങ്കമ്മ, ഭാര്യ: മോളി, മക്കൾ: സോനു, സാനു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സിദ്ദിഖ് തൂവൂർ, ഫിറോസ് കൊട്ടിയം, ശിഹാബ് പുത്തേഴത്ത്, ഷഹീർ ജി. അഹമ്മദ്, നൗഷാദ് തുടങ്ങിയവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam