
റാസൽഖൈമ: യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അൽ ഹംറ റാക് മെഡിക്കൽ സെന്ററിലെ നഴ്സായിരുന്ന എറണാകുളം കൂവപ്പടി എടശ്ശേരി വീട്ടിൽ ഔസേഫ് പൗലോസ് -ആൻസി പൗലോസ് ദമ്പതികളുടെ മകൾ ടിന്റു പോൾ (36) ആണ് മരിച്ചത്.
ചൊവ്വാഴ്‍ച പുലര്‍ച്ചെ റാസൽഖൈമ ജബൽ ജെയ്സ് മലനിരയിൽനിന്ന് തിരികെ വരവേ ടിന്റു പോളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെടുകയായിരുന്നു. ടിന്റു പോളിന് പുറമെ ഭർത്താവ് കൃപാശങ്കർ, മക്കളായ ഡൽഹി പ്രൈവറ്റ് സ്കൂൾ വിദ്യാർഥി കൃതിൻ ശങ്കർ, ഒന്നര വയസുകാരൻ ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ മാതാവ് സുമതി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ചംഗ സംഘം പെരുന്നാൾ അവധി ആഘോഷിക്കാനാണ് ജബൽ ജെയ്സിലെത്തിയിരുന്നത്. ജബൽ ജെയ്സിൽ നിന്നുള്ള മടക്ക യാത്രയിലായിരുന്നു അപകടം.
അപകടം നടന്നയുടൻ തന്നെ സംഭവസ്ഥലത്ത് കുതിത്തെച്ചെത്തിയ റാസൽഖൈമ പൊലീസും സിവിൽ ഡിഫൻസ് - ആംബുലൻസ് വിഭാഗവും എല്ലാവരെയും സഖർ ആശുപത്രിയിൽ എത്തിച്ചു. തലക്ക് സാരമായി പരിക്കേറ്റതാണ് ടിന്റു പോളിന്റെ നില ഗുരുതരമാക്കിയത്. ഇവരെ സഖർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.
ശസ്‍ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ടിൻറു പോളിന്റെ ആരോഗ്യ സ്ഥിതി പിന്നീട് മോശമാവുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇപ്പോൾ റാക് ഉബൈദുല്ലാ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam