മക്കളെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആത്മഹത്യാ ചെയ്യാന്‍ പദ്ധതി; യുവതിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Mar 1, 2019, 5:48 PM IST
Highlights

അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വന്തം വീടിനുള്ളില്‍ വെച്ച് യുവതി ആദ്യം തലയിണ കൊണ്ട് രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ചു. ശേഷം ഇടതുകൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 

ദുബായ്: രണ്ടും നാലും വയസുള്ള കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനായി കൈ ഞരമ്പ് മുറിച്ച യുവതിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 26കാരിയായ ബംഗ്ലാദേശ് പൗരയ്ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 2000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് വയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.

അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വന്തം വീടിനുള്ളില്‍ വെച്ച് യുവതി ആദ്യം തലയിണ കൊണ്ട് രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ചു. ശേഷം ഇടതുകൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. വാതില്‍ തുറക്കാതിരുന്നതിനാല്‍ കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് അകത്തുകടന്നു. കിടക്കയില്‍ അനക്കമറ്റ് കിടക്കുന്ന മക്കളെയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും കണ്ട് പരിഭ്രാന്തനായ ഇയാള്‍ ദുബായില്‍ തന്നെയുണ്ടായിരുന്ന തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തി.

മൂവരെയും ആശുപത്രിയില്‍ എത്തിച്ച ശേഷം ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. നാലുവയസുകാരന് കാര്യമായ പരിക്കേറ്റിരുന്നില്ല. എന്നാല്‍ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഏതാണ്ട് നിലച്ച നിലയിലായിരുന്നു രണ്ട് വയസുകാരന്‍. ഡോക്ടര്‍മാര്‍ ഏറെ നേരം പരിശ്രമിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും എന്തുകൊണ്ടാണ് ഭാര്യ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണം. യുവതിയുടെ കുടുംബത്തില്‍ ചിലര്‍ക്ക് മാനസിക രോഗമുണ്ടായിരുന്നെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഇതനുസരിച്ച് യുവതിയുടെ മാനസിക നില പരിശോധിക്കാന്‍ കോടതി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തി.

യുവതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നുവെന്നും പൂര്‍ണബോധ്യത്തോടെയാണ് എല്ലാം ചെയ്തതെന്നുമായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ യുവതി കോടതിയില്‍ വെച്ച് മകനെ കണ്ടപ്പോള്‍ പൊട്ടിക്കരയുകയും ചെയ്തു. 

click me!