Latest Videos

മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കാലു കൊണ്ട് വിജയ ദൂരങ്ങൾ താണ്ടുന്ന പ്രവാസിയെ അറിയാം

By Jojy JamesFirst Published May 20, 2023, 10:59 PM IST
Highlights

21 വര്‍ഷം മുമ്പ് ബൈക്കിന്‍റെ ലിവര്‍ തട്ടി ഇടത് കാലിലുണ്ടായ ഒരു ചെറിയ മുറിവ് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് അന്ന് മുനീര്‍ കരുതിക്കാണില്ല. പിന്നീടുള്ള പതിനഞ്ച് കൊല്ലം മുനീര്‍ കടന്ന് പോയത് കടുത്ത അനുഭവങ്ങളിലൂടെയാണ്. മുറിവില്‍ പഴുപ്പ് കയറി കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 

ദുബൈ: കാൽക്കരുത്തിന്റെ വിജയമാണ് മുനീര്‍ ബര്‍ഷയെന്ന പ്രവാസി മലയാളിയുടെ ജീവിതം. മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കാലു കൊണ്ടാണ് ദുബായില്‍ ബാര്‍ബറായ മുനീര്‍ വിജയ ദൂരങ്ങൾ താണ്ടുന്നതെന്ന് അറിയുമ്പോഴാണ് ആ വിജയത്തിന്റെ തിളക്കമേറുന്നത്. വേദന നിറഞ്ഞ ഒന്നര പതിറ്റാണ്ട് കാലം ഊതിക്കാച്ചിയെടുത്ത നിശ്ചയദാര്‍ഡ്യമാണ് ഈ പ്രവാസി മലയാളി മുന്നോട്ട് നയിക്കുന്നത്. മുറിച്ച് മാറ്റേണ്ടി വരുമെന്ന് വിധിയെഴുതിയ കാലു കൊണ്ട് 3800 മീറ്റര്‍ നീന്തി, 150 കിലോമീറ്റര്‍ സൈക്കിൾ ചവിട്ടി, 42 കിലോമീറ്റര്‍ മാരത്തൺ ഓടി അയണ്‍മാന്‍ പട്ടം സ്വന്തമാക്കി മുനീര്‍ വിജയശ്രീലാളിതനായി നില്‍ക്കുന്നത്.

21 വര്‍ഷം മുമ്പ് ബൈക്കിന്‍റെ ലിവര്‍ തട്ടി ഇടത് കാലിലുണ്ടായ ഒരു ചെറിയ മുറിവ് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് അന്ന് മുനീര്‍ കരുതിക്കാണില്ല. പിന്നീടുള്ള പതിനഞ്ച് കൊല്ലം മുനീര്‍ കടന്ന് പോയത് കടുത്ത അനുഭവങ്ങളിലൂടെയാണ്. മുറിവില്‍ പഴുപ്പ് കയറി കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കാലിലെ മുറിവിന് ചികില്‍സ തേടി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളില്‍ കയറിയിറങ്ങി മുനീര്‍. ഇടത് കാലില്‍ പലതവണ ശസ്ത്രക്രിയ. ഓരോ തവണ ശസ്ത്രക്രിയ കഴിയുമ്പോഴും താല്‍ക്കാലികാശ്വാസം. പക്ഷേ കുറച്ച് കഴിയുമ്പോൾ വേദനയും പഴുപ്പും വീണ്ടും മടങ്ങിയെത്തും. ജോലി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ.

ഏറ്റവും ഒടുവില്‍ തൃശൂര്‍ വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയതോടെയാണ് പതിനഞ്ച് കൊല്ലം നീണ്ട വേദനയ്ക്ക് അറുതിയായത്. കോവിഡ് കഴിഞ്ഞതോടെ മുനീറിന്റെ ശരീരഭാരം നൂറ് കിലോയ്ക്ക് അടുത്തെത്തിയിരുന്നു. അക്കാലത്ത് സുഹൃത്തിന്റെ ജിമ്മില്‍ പോയ മുനീറിനോട് അവിടുത്തെ ട്രെയിനര്‍ പറഞ്ഞ വാക്കുകളാണ് മുനീറിന്റെ ജീവിതം മറ്റൊരു വഴിക്ക് തിരിച്ച് വിടുന്നത്. ശരീര ഭാരം കുറച്ച മുനീറിന്റെ ജീവിതത്തിലെ അടുത്ത വഴി തിരിവ് സംഭവിക്കുന്നത് ബര്‍ഷ പാര്‍ക്കില്‍ വച്ചാണ്. അവിടെ ഓടാന്‍ പോകുമ്പോഴാണ് ആശിഷ് എന്ന പഞ്ചാബ് സ്വദേശിയെ പരിചപ്പെട്ടത്. ഇയാളാണ് മുനീറിന് മാരത്തോണിന്റെ ആദ്യപാഠങ്ങൾ പകര്‍ന്ന് നല്‍കിയത്.

മാരത്തൺ ഓടാനാകും എന്ന ആത്മവിശ്വാസം കൈവന്നതോടെ കൂടുതല്‍ പരിശീലനത്തിനായി കേരള റൈഡേഴ്സ് ക്ലബ്ബിലെ കോച്ച് മോഹന്‍ദാസിന്റെ അടുത്തേക്ക്. ഈ പരിശീലന കാലയളവിലാണ് അയണ്‍മാന്‍ മത്സരം ഒരു വെല്ലുവിളിയായി മുനീറിന്റെ മനസിലേക്ക് കയറുന്നത്. പിന്നെ അതായി മുന്നിലുള്ള ലക്ഷ്യം. വിശ്രമമില്ലാതെ കരയിലൂടെയും വെള്ളത്തിലൂടെയും ഇരുനൂറ് കിലോമീറ്ററോളം സഞ്ചരിക്കുകയായണ് അയണ്‍മാന്‍ മല്‍സരം. 3800 മീറ്റര്‍ കടലില്‍ നീന്തിയ ശേഷം, സൈക്കിളില്‍ 150 കിലോമീറ്റര്‍ പിന്നിടണം. അതിന് പിന്നാലെ മാരത്തൺ ഓടീത്തീര്‍ക്കുകയും വേണം. ആദ്യം പാതിവഴിയില്‍ പിന്മാറിയെങ്കിലും രണ്ടാം ശ്രമത്തില്‍ മുനീര്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.

ഇനി കസാഖ്സ്ഥാനില്‍ നടക്കുന്ന ഫുൾ അയണ്‍മാന്‍ കോംപറ്റീഷനില്‍ മല്‍സരിക്കാനുള്ള തയാറെടുപ്പിലാണ് മുനീര്‍. സ്വന്തം നാട്ടുകാര്‍ തന്നെ ഇതിനുള്ള സഹായവുമായി മുനീറിന് ഒപ്പം നില്‍ക്കുന്നു. നൂറു മീറ്റര്‍ ഓട്ടമല്‍സരത്തില്‍ പോലും പങ്കെടുക്കാത്ത തന്നെ അത്‍ലറ്റാക്കി മാറ്റിയത് തന്‍റെ ജീവിതാനുഭവമാണെന്ന് മുനീര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇനി തന്‍റെ ജീവിതം ഈ വഴിക്ക് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ പ്രവാസി.

വീഡിയോ കാണാം...

click me!