മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

By Web TeamFirst Published Jan 26, 2021, 5:03 PM IST
Highlights

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ദേശീയ പതാക ഉയര്‍ത്തിയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന് ആശംസകളറിയിച്ച അദ്ദേഹം കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

മസ്‌കറ്റ്: ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ നടന്നു. കൊവിഡ് പശ്ചാത്തലത്തില്‍ എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രവാസി ഇന്ത്യക്കാര്‍ക്കായി പരിപാടികളുടെ ലൈവ് സ്ട്രീമിങ് ഉണ്ടായിരുന്നു.

കൊവിഡ് പ്രതിരോധ നടപടികളിലും, മരുന്നുകളും വാക്‌സിനുകളും ലഭ്യമാക്കുന്നതിലുമുള്‍പ്പെടെ ലോകരാജ്യങ്ങളുമായുള്ള സഹകരണം ചൂണ്ടിക്കാട്ടുന്ന വീഡിയോ പരപാടിയുടെ തുടക്കത്തില്‍ കാണിച്ചു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ദേശീയ പതാക ഉയര്‍ത്തിയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചത്.

ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന് ആശംസകളറിയിച്ച അദ്ദേഹം കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പോലെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സംരംഭങ്ങളും അംബാസഡര്‍ എടുത്തുകാട്ടി. ഇത്തരം സംരംഭങ്ങളില്‍ ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!