
റിയാദ്: കേരളാ കോൺഗ്രസിലെ വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാൻ മുസ്ലിം ലീഗ് ഇടപെടുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടു പോകാൻ ലീഗ് അതിന്റേതായ പങ്കുവഹിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളും അടക്കമുള്ള ലീഗ് നേതാക്കൾ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസഫ്, ജോസ് കെ. മാണി തർക്കത്തിൽ സജീവമായി ഇടപെട്ട് ഓരോരുത്തരുമായി പ്രത്യേകം ചർച്ചകൾ നടത്തി ഐക്യമുണ്ടാക്കാൻ ശ്രമിക്കും. ഈ മാസം 15ന് നെയ്യാർഡാമിൽ ചേരുന്ന യുഡിഎഫ് യോഗം കേരള കോൺഗ്രസ് വിഷയത്തിൽ ഏറ്റവും യോജിച്ച തീരുമാനമെടുക്കും. മാർക്ക് ദാനമുൾപ്പെടെ എല്ലാ വിഷയങ്ങളിലും കെ.ടി ജലീലിനും സർക്കാരിനുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മാർക്കുദാനം, പി.എസ്.സിയുടെ വിശ്വാസ തകർച്ച, വാളയാർ നീതിനിഷേധം, മാവോയിസ്റ്റ് വേട്ട തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾ 15ലെ യു.ഡി.എഫ് യോഗം ആവിഷ്കരിക്കും.
മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസും സർക്കാരും തയാറാകണം. ഗുജറാത്തിലൊക്കെ നടന്നതുപോലെ വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് ജനത്തിന് സംശയമുണ്ട്. യു.ഡി.എഫ് ഒരു ജനകീയ പ്രശ്നവും വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ല. വ്യാജ ഏറ്റുമുട്ടലാണെന്ന് പറയുന്ന സി.പി.ഐ, അവരുടെ ഉത്തരവാദിത്തം നിർവേറ്റണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.വി അബ്ദുൽ വഹാബ് എം.പി, യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ സുബൈർ, കെ.എം.സി.സി ഭാരവാഹികളായ കെ.പി മുഹമ്മദ് കുട്ടി, സി.പി മുസ്തഫ, ഖാദർ ചെങ്കള, അശ്റഫ് വേങ്ങാട്ട്, യു.പി മുസ്തഫ, സി.എച്ച് അബ്ദുറഹ്മാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam