
ഒസാക്ക: ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാനിലെ ഒസാക്കയില്‍ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം, നിക്ഷേപം, ഊര്‍ജ സുരക്ഷ, തീവ്രവാദ പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഈ വര്‍ഷം മുതല്‍ രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയതായി കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വിവരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു.
ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് സുപ്രധാനമായ തീരുമാനമാണെന്ന് വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉടനെ ആരംഭിക്കാനിരിക്കുന്ന ഹജ്ജ് സീസണില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കും. ഇരു രാജ്യങ്ങളുടെയും ടൂറിസം, കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ച നടത്തി. ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലെ മുഖ്യാതിഥികളിലൊരാളായി പ്രധാനമന്ത്രിയെ സൗദി കിരീടാവകാശി ക്ഷണിച്ചു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയധികം പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നത് ഇതാദ്യമായാണെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. പുരുഷന്മാര്‍ ഒപ്പമില്ലാതെ ഹജ്ജിന് പോകാന്‍ കഴിഞ്ഞ വര്‍ഷം 1180ഓളം സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം 2340 സ്ത്രീകള്‍ ഇങ്ങനെ പുരുഷന്മാര്‍ ഒപ്പമില്ലാതെ ഹജ്ജിന് പോകുമെന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ സൗദി 35,000 പേരുടെ വര്‍ദ്ധനവ് അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 5000 പേരെയാണ് അധികം അനുവദിച്ചത്. ഇത്തവണ ആകെ രണ്ട് ലക്ഷം പേര്‍ക്ക് ഹജ്ജിന് പോകാനാവും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കവെ പ്രധാനമന്ത്രിയുമായി സൗദി കിരീടാവകാശി നടത്തിയ ചര്‍ച്ചക്ക് ശേഷവും ഹജ്ജ് ക്വാട്ട വര്‍ദ്ധനവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam