കീഴടക്കാന്‍ ദുഷ്കരമായ മലകളുടെ മുകൾത്തട്ടിലേക്ക് മാത്രം യാത്ര ചെയ്യുന്ന ഒരു മലപ്പുറത്തുകാരന്‍ പ്രവാസി

Published : Feb 22, 2023, 06:29 PM IST
കീഴടക്കാന്‍ ദുഷ്കരമായ മലകളുടെ മുകൾത്തട്ടിലേക്ക് മാത്രം യാത്ര ചെയ്യുന്ന ഒരു മലപ്പുറത്തുകാരന്‍ പ്രവാസി

Synopsis

ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല നാസര്‍ ഹുസൈന് മലകളോടുള്ള അഭിനിവേശം. ചെറുപ്പം മുതൽ കാടും മലയും കണ്ട് വളര്‍ന്ന നാസര്‍ ഹുസൈന്റെ മനസില്‍ ആ ഇഷ്ടവും വളര്‍ന്ന് വരികയായിരുന്നു.

ഉയരങ്ങളിലേക്കാണ് നാസര്‍ ഹുസൈന്റെ യാത്രകൾ. കീഴടക്കാന്‍ ദുഷ്കരമായ മലകളുടെ മുകൾത്തട്ടിലേക്ക്. യുഎഇയിലെ ഹജര്‍ മലനിരകളില്‍ നാസര്‍ ഹുസൈന്റെ കാല്‍പാദം പതിയാത്ത മലനിരകൾ കുറവാണ്. കഴിഞ്ഞ ആറു വര്‍ഷത്തിലധികമായി മലകയറ്റത്തിനു വേണ്ടി ജീവിതം തന്നെ നീക്കി വച്ചിരിക്കുകയാണ് നാസര്‍ ഹുസൈനെന്ന മലപ്പുറം മേലാറ്റൂരൂകാരന്‍.

ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല നാസര്‍ ഹുസൈന് മലകളോടുള്ള അഭിനിവേശം. ചെറുപ്പം മുതൽ കാടും മലയും കണ്ട് വളര്‍ന്ന നാസര്‍ ഹുസൈന്റെ മനസില്‍ ആ ഇഷ്ടവും വളര്‍ന്ന് വരികയായിരുന്നു. ജോലി തേടി യുഎഇയിലെത്തിയപ്പോഴും നാസര്‍ ഹുസൈന്‍ മനസിലെ ഇഷ്ടം കൈവിട്ടില്ല. ഹജര്‍ മലനിരകൾ മലകയറ്റത്തിന്‍റെ വലിയ സാധ്യതകളാണെന്ന അറിവ് നാസര്‍ ഹുസൈന്റെ ജീവിതത്തിലെ വഴി തിരിവായിരുന്നു

മലകയറ്റത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഒറ്റ ദിവസം കൊണ്ട് മൂന്ന് മലകൾ കീഴടക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രേരണയായത്. യുഎഇയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബല്‍ ജെയ്സ്, 1500 മീറ്ററിന് മുകളില്‍ ഉയരമുള്ള ജബല്‍ റഹാബ, ജബല്‍ യബാന എന്നിവയാണ് നാസര്‍ ഹുസൈന്‍ കീഴടക്കിയത്.

ദുബായ് ഗവണ്‍മെന്റിന്റെ ജലീലിയ ഫൗണ്ടേഷന്‍ വഴി കുട്ടികളുടെ ചികില്‍സയ്ക്ക് പണം സമാഹരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നാസര്‍ ഹുസൈന്റെ ഈ മലകയറ്റം. റാസല്‍ ഖൈമയിലെ വാദി ബിയില്‍ നിന്ന് രാവിലെ ഏഴു മണിക്ക് മല കയറി തുടങ്ങി. 25 മണിക്കൂര്‍ കൊണ്ട് അറുപത്തിയാറ് കിലോമീറ്ററിലധികം സഞ്ചരിച്ചു. 5110 മീറ്റര്‍ ഉയരത്തിലേക്കാണ് ഒറ്റ ദിവസം കൊണ്ട് നാസര്‍ നടന്ന് കയറിയത്.

ഒട്ടും എളുപ്പമായിരുന്നില്ല ഈ മലകയറ്റം. 12 ഡിഗ്രി തണുപ്പിലായിരുന്നു യാത്ര. ആദ്യ ദിവസം പിന്നിട്ടതോടെ കൈവശമുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. പലയിടത്തും അത്യന്തം അപകടം നിറഞ്ഞതായിരുന്നു ഈ യാത്ര. പക്ഷേ മൂന്നു മലകളും പൂര്‍ത്തിയാക്കി, ജബല്‍ ജെയ്സിന് മുകളില്‍ നിന്നപ്പോൾ ലഭിക്കുന്ന ആ സന്തോഷവും സംതൃപ്തിയും മറ്റൊന്നിനും നല്‍കാനാകില്ലെന്ന് നാസര്‍ ഹുസൈന്‍ പറയുന്നു. യുഎഇയിലെ ഒട്ടേറെ മലകൾ കയറിയിട്ടുള്ള നാസര്‍ ഹുസൈന് ഈ മലകയറ്റങ്ങൾ മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട്

മലകയറ്റത്തോടുള്ള ആവേശം കാരണം അക്കൗണ്ടന്റ് ജോലി വര്‍ഷങ്ങൾക്ക് മുമ്പ് നാസര്‍ ഹുസൈന്‍ ഉപേക്ഷിച്ചു. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഗ്രീന്‍വേ എന്ന പേരില്‍ മലകയറ്റങ്ങൾ സംഘടിപ്പിക്കുന്ന സ്ഥാപനം നടത്തുകയാണ് നാസര്‍ ഹുസൈന്‍. യുഎഇയ്ക്ക് പുറമേ ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഒട്ടേറെ മലകളും നാസര്‍ ഹുസൈന്‍ കയറി. കിളിമഞ്ചാരോയുടെ മുകളിലെത്തിയതാണ് മറ്റൊരു അനുഭവം

ഇനിയെന്ത് എന്ന് ചോദിച്ചാല്‍ നാസര്‍ ഹുസൈന്‍റെ മനസിലൊരു വലിയ ലക്ഷ്യമുണ്ട്. എവറസ്റ്റ് അല്ല ആ ലക്ഷ്യം. എവറസ്റ്റിനേക്കാൾ വെല്ലുവിളികൾ നിറഞ്ഞ മൗണ്ട് കെ.ടുവിന്റെ നെറുകയിലെത്തുകയാണ് നാസര്‍ ഹുസൈന്‍റെ സ്വപ്നം. മലകൾ പറയുന്ന കഥകളും കേട്ട് നാസര്‍ ഹുസൈന്‍ നടക്കുകയാണ്. ഒരോ മലകളും കയറി ഇറങ്ങി. ഓരോ മലകളും പറയുന്ന കഥകൾ കേട്ട് അടുത്ത മലകളിലേക്ക്. മലകളുടെ താളമാണ് നാസര്‍ ഹുസൈന്റെ ഓരോ ചുവടുകളും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട