ഒമാനില്‍ ദേശീയ ദിന അവധിക്ക് തുടക്കം; കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം

By Web TeamFirst Published Nov 25, 2020, 11:20 AM IST
Highlights

രാജ്യത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും ഇപ്പോഴും പ്രവേശന വിലക്ക് തുടരുകയാണ്. എന്നാല്‍ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ജബല്‍ അഖ്‍ദര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അവധി ദിനങ്ങളാഘോഷിക്കാന്‍ കൂടുതല്‍ വിനോദ സഞ്ചാരികളെത്തിയേക്കുമെന്നാണ് പ്രതീക്ഷ. 

മസ്‍കത്ത്: ഒമാന്‍ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്ത് പ്രഖ്യാപിച്ച പൊതു അവധി തുടങ്ങി. ബുധനും വ്യാഴവും അവധിയും തുടര്‍ന്ന് വാരാന്ത്യ അവധി ദിനങ്ങളും കൂടി  കഴിഞ്ഞ് ഞായറാഴ്‍ചയായിരിക്കും ഇനി അടുത്ത പ്രവൃത്തി ദിനം. അതേസമയം കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും ഇപ്പോഴും പ്രവേശന വിലക്ക് തുടരുകയാണ്. എന്നാല്‍ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ജബല്‍ അഖ്‍ദര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അവധി ദിനങ്ങളാഘോഷിക്കാന്‍ കൂടുതല്‍ വിനോദ സഞ്ചാരികളെത്തിയേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം പൊതുസ്ഥലങ്ങളിലും വീടുകളും ആളുകള്‍ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സുപ്രീം കമ്മിറ്റി നല്‍കിയിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം. നിയമലംഘകരെ പിടികൂടാന്‍ അധികൃതര്‍ വ്യാപകമായ പരിശോധനകളും നടത്തുന്നുണ്ട്. ഒമാന്റെ അന്‍പതാമത് ദേശീയ ദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

click me!