പ്രതിസന്ധിക്ക് പിന്നാലെ ഐക്യ സന്ദേശം; വീടുകളിലും കെട്ടിടങ്ങളിലും പതാക ഉയർത്താൻ യുഎഇയുടെ ആഹ്വാനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Apr 10, 2026, 02:55 PM IST
Nationwide UAE Flag Campaign

Synopsis

സമീപകാല പ്രതിസന്ധിയെ തുടർന്ന് ഐക്യം ശക്തിപ്പെടുത്താൻ യുഎഇ ഭരണകൂടം പൗരന്മാരോടും പ്രവാസികളോടും ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഈ നിർദ്ദേശം രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ലക്ഷ്യമിടുന്നു, ഒപ്പം പതാകയെ ആദരവോടെ കൈകാര്യം ചെയ്യേണ്ടതിൻ്റെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു.

അബുദാബി: സമീപകാല പ്രാദേശിക പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്ത് ഐക്യവും ഐക്യദാർഢ്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യുഎഇ ഭരണകൂടം പ്രത്യേക ആഹ്വാനം നടത്തിയിരിക്കുകയാണ്. പൗരന്മാരും പ്രവാസികളും വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഐക്യത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ശക്തമായ പ്രതീകമായി പതാക ഉയർത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നീക്കം.

ഒന്നിച്ചു നിൽക്കണം

തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത്. യുഎഇ പ്രതിസന്ധികളെ ഐക്യത്തോടെ നേരിടുകയും അതിൽ നിന്ന് കൂടുതൽ ശക്തമായി പുറത്തുവരികയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരന്മാരും താമസക്കാരും, ചെറുപ്പക്കാരും മുതിർന്നവരും, സൈനികരും സിവിലിയന്മാരും, സർക്കാർ-സ്വകാര്യ മേഖലകളുമൊക്കെയായി മുഴുവൻ സമൂഹവും രാജ്യത്തിന്റെ പതാകയുടെ കീഴിൽ ഒന്നിച്ചുനിൽക്കുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികൾക്കും പൗരന്മാർക്കും അഭിനന്ദനം

യുഎഇയുടെ ദേശീയ പതാക ശക്തിയുടെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും അത് വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്തി രാജ്യത്തോടുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തെയും നേത്യത്വത്തെയും സായുധ സേനയെയും സാമ്പത്തിക ശക്തിയെയും കുറിച്ചുള്ള അഭിമാനം പങ്കുവെച്ച അദ്ദേഹം, എല്ലാ പൗരന്മാരെയും പ്രവാസികളെയും അഭിനന്ദിക്കുകയും ചെയ്തു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതേസമയം, പതാക ഉയർത്തുമ്പോൾ ഔദ്യോഗിക മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യുഎഇ മന്ത്രാലയം നിർദ്ദേശിച്ചു. ദേശീയ പതാകയെ എല്ലായ്പ്പോഴും ആദരവോടെ കൈകാര്യം ചെയ്യുകയും ശരിയായ രീതിയിൽ പ്രദർശിപ്പിക്കുകയും വേണം. പതാകയെ അപമാനിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അതിന് കർശനമായ ശിക്ഷകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പതാക ഉപയോഗിക്കുമ്പോൾ ചില നിർദേശങ്ങളും പാലിക്കണം. കേടായതോ നിറം മങ്ങിയോ ഉള്ള പതാകകൾ ഉടൻ മാറ്റണം. കാലാവസ്ഥാ ബാധകൾക്ക് ശേഷം പതാകയുടെ നില പരിശോധിക്കണം. പഴയ പതാകകൾ മാന്യമായി മടക്കി സൂക്ഷിക്കുകയോ തിരിച്ചറിയാനാകാത്ത രീതിയിൽ പുനരുപയോഗിക്കുകയോ വേണം. പതാക കത്തിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

കൂടാതെ, പതാകയിൽ ലോഗോകളോ മറ്റ് ചിഹ്നങ്ങളോ ചേർക്കുന്നതും പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. അലങ്കാരത്തിനായി പതാകയുടെ രൂപത്തിലും വലുപ്പത്തിലും മാറ്റം വരുത്താൻ പാടില്ല. ഭക്ഷ്യവസ്തുക്കളിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളിലോ പതാക പ്രിന്റ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

പതാകയുടെ ചരിത്രം

യുഎഇയുടെ ദേശീയ പതാക 1971 ഡിസംബർ 2-ന് സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആദ്യമായി ഉയർത്തിയതാണ്. അബ്ദുള്ള അൽ മഈനയാണ് പതാക രൂപകൽപ്പന ചെയ്തത്. ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങൾ അറബ് പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്—ധൈര്യം, സമൃദ്ധി, സമാധാനം, ദൃഢനിശ്ചയം എന്നിവയുടെ പ്രതീകങ്ങളായി ഇവ കണക്കാക്കപ്പെടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ കുവൈത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം, വൻ നാശനഷ്ടം
സൗദി അറേബ്യയിൽ രണ്ട് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കി