എംബസി ഇടപെട്ടു; ഗുരുതരമായി പരിക്കേറ്റ് യുഎഇയില്‍ കുടുങ്ങിയ മലയാളിക്ക് നാട്ടിലേക്ക് മടങ്ങാം

By Web TeamFirst Published Nov 1, 2018, 11:20 AM IST
Highlights

ഖാദര്‍ മുഹമ്മദ് അദ്നാന്‍ എന്ന 26കാരനാണ് ഉടുതുണിക്ക് മറുതുണിയോ പാസ്‍പോര്‍ട്ടോ ടിക്കറ്റിനുള്ള പണമോ ഇല്ലാതെ അബുദാബിയില്‍ കുടുങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്നാന് അപകടം സംഭവിച്ചത്. 

അബുദാബി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നടക്കാന്‍ പോലുമാവാതെ അബുദാബിയില്‍ കുടുങ്ങിയ മലയാളിക്ക് സഹായവുമായി ഇന്ത്യന്‍ എംബസി. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ അധികൃതരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി. തുടര്‍ ചികിത്സ സൗജന്യമായി നല്‍കാന്‍ ആസ്റ്റര്‍ ഹോസ്‍പിറ്റലും തയ്യാറായിട്ടുണ്ട്.

ഖാദര്‍ മുഹമ്മദ് അദ്നാന്‍ എന്ന 26കാരനാണ് ഉടുതുണിക്ക് മറുതുണിയോ പാസ്‍പോര്‍ട്ടോ ടിക്കറ്റിനുള്ള പണമോ ഇല്ലാതെ അബുദാബിയില്‍ കുടുങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്നാന് അപകടം സംഭവിച്ചത്. ജോലി സ്ഥലത്ത് ഏണിയില്‍ നിന്ന് താഴെ വീണ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതമുണ്ടായി. ഇരുകാലുകളും ഒടിയുകയും ചെയ്തു. അപകടസമയത്ത് ബോധരഹിതനായ അദ്നാനെ ആദ്യം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും ഇവിടെ നിന്ന് പിന്നീട് മഫ്റഖ് ആശുപത്രിയിലേക്കും മാറ്റി. രണ്ട് മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്ന അദ്നാന്റെ അവസ്ഥ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സഹായവുമായി അധികൃതരെത്തിയത്.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാവുമായിരുന്നെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പരസഹായം കൂടാതെ പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നില്ല. അപകടസമയത്ത് പാസ്‍പോര്‍ട്ടും നഷ്ടപ്പെട്ടു. വിമാന ടിക്കറ്റിനുള്ള പണവും കൈയ്യിലുണ്ടായിരുന്നില്ല. എംബസി അധികൃതര്‍ ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൊണ്ടുപോയി അപേക്ഷ സമര്‍പ്പിച്ചു. നഷ്ടപ്പെട്ട പാസ്പോര്‍ട്ടിന് പകരം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും വിമാന ടിക്കറ്റും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക സഹായവും എംബസി അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ നാട്ടിലേക്ക് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്നാന്‍ പറഞ്ഞു. 

അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് ഇപ്പോള്‍ അദാനാന്‍. സൗജന്യ തുടര്‍ ചികിത്സ ആശുപത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. പുറത്തും കാലുകളിലും തൊലി വെച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെ അഞ്ച് ശസ്‌ത്രക്രിയകള്‍ക്ക് നേരത്തെ വിധേയനായ അദ്നാന് ഇനിയൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കാലില്‍ ഇട്ടിരുന്ന സ്റ്റീല്‍ കമ്പിയില്‍ അണുബാധയുണ്ടായതിനാല്‍ കടുത്ത വേദന അനുഭവിച്ചിരുന്നു. ഇത് മാറ്റിയതോടെ ഇപ്പോള്‍ വേദന കുറഞ്ഞു. പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുമുണ്ട്.

അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അദ്നാന്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുഎഇയിലെത്തിയത്. അറബ് കുടുംബത്തില്‍ പാചകക്കാരനായിട്ടായിരുന്നു ജോലി. ഈ വിസ തൊഴിലുടമ റദ്ദാക്കിയതോടെ പിന്നീട് മറ്റ് ജോലികള്‍ ചെയ്ത് ജീവിച്ചു. ഇതിനിടയില്‍ രണ്ട് സഹോദരിമാരെ വിവാഹം ചെയ്തയച്ചു. ഇത് കൊണ്ടുണ്ടായ ഭീമമായ ബാധ്യതയും അദ്നാന്റെ ചുമലില്‍ തന്നെ. നാട്ടിലേക്ക് മടങ്ങിയ ശേഷം ആരോഗ്യം മെച്ചപ്പെടുത്തി വീണ്ടും ജോലി ചെയ്യാന്‍ യുഎഇയിലേക്ക് മടങ്ങിവരാനാവുമെന്നാണ് അദ്നാന്റെ പ്രതീക്ഷ.

click me!