യുഎഇയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 17, 2020, 11:32 AM IST
Highlights

37കാരനായ ചൈനീസ് പൗരനാണ് ഏറ്റവുമൊടുവില്‍ യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നടത്തിയ പതിവ് പരിശോധനകള്‍ക്കിയിടെയാണ് ഇയാള്‍ക്ക് അസുഖം കണ്ടെത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്. 

അബുദാബി: യുഎഇയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇതില്‍ മൂന്നുപേര്‍ക്ക് ഇതിനോടകം രോഗം ഭേദമായതിനാല്‍ ആശുപത്രികളില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തു.

37കാരനായ ചൈനീസ് പൗരനാണ് ഏറ്റവുമൊടുവില്‍ യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നടത്തിയ പതിവ് പരിശോധനകള്‍ക്കിയിടെയാണ് ഇയാള്‍ക്ക് അസുഖം കണ്ടെത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റവും ഒടുവില്‍ വൈറസ് ബാധ സ്ഥീകരിച്ചയാള്‍ ഉള്‍പ്പെടെ ആറ് പേരാണ് യുഎഇയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശുദ്ധമായ വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

click me!