ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധിക നിരക്ക് ഏര്‍പ്പെടുത്തി

By Web TeamFirst Published Dec 7, 2018, 1:00 PM IST
Highlights

ദുബായ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‍ലിങ് ഏജന്‍സി രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് കാരണമായി പറയുന്നത്. ഡിസംബര്‍ നാലിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

ദുബായ്: ദുബായില്‍ നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധിക നിരക്ക് ഏര്‍പ്പെടുത്തി. വണ്‍ വേ ടിക്കറ്റിന് യാത്രാ നിരക്കിന് പുറമെ 165 ദിര്‍ഹവും റിട്ടേണ്‍ ടിക്കറ്റിന് 330 ദിര്‍ഹവും അധികമായി ഈടാക്കുമെന്നാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ദുബായ് വിമാനത്താവളത്തിന് മാത്രമായിരിക്കും ഇത് ബാധകം.

ദുബായ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‍ലിങ് ഏജന്‍സി രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് കാരണമായി പറയുന്നത്. ഡിസംബര്‍ നാലിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. അധിക നിരക്ക് ഇതിനോടകം തന്നെ നിലവില്‍ വന്നു. രക്ഷിതാക്കള്‍ക്ക് ഒപ്പമല്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്ന് നേരിട്ട് തന്നെ ടിക്കറ്റുകള്‍ വാങ്ങണം. ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ വെബ്സൈറ്റ് വഴിയോ ഇത്തരം ടിക്കറ്റുകള്‍ ഇനി എടുക്കാനാവില്ല. ഇതിനോടകം വെബ്സൈറ്റില്‍ നിന്നോ ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ഇത്തരം ടിക്കറ്റുകള്‍ എടുത്തവര്‍ അത് ക്യാന്‍സല്‍ ചെയ്യുകയും പകരം ഓഫീസില്‍ നേരിട്ട് പോയി അധിക ചാര്‍ജ് നല്‍കി ടിക്കറ്റ് എടുക്കുകയും വേണം.

ടിക്കറ്റ് റദ്ദാക്കിയാല്‍ അധിക തുക തിരികെ നല്‍കും. യാത്ര മറ്റൊരു തീയ്യതിയിലേക്ക് മാറ്റിയാല്‍ പുതിയ ടിക്കറ്റിലേക്ക് തുക മാറ്റാം. 

click me!