ട്രാഫിക്ക് നിയമം പരിഷ്കരിക്കാന്‍ സൗദി; എന്‍ജിന്‍ ഓഫാക്കാതെ പുറത്തിറങ്ങിയാല്‍ പിഴ

By Web TeamFirst Published Oct 27, 2019, 11:55 PM IST
Highlights

എൻജിൻ ഓഫാക്കാതെ വാഹനം നിർത്തിയാല്‍ 100 മുതൽ 150 റിയാൽ വരെ ഇനി പിഴ ചുമത്തും

റിയാദ്: സൗദിയിൽ ട്രാഫിക്ക് നിയമം പരിഷ്‌ക്കരിക്കുന്നു. ഉടമസ്ഥാവകാശമാറ്റം ഇനി ഓൺലൈൻ വഴിയാക്കും. വാഹനം ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ പോർട്ടലായ അബഷീർവഴി വാഹന ഉടമസ്ഥാവകാശമാറ്റം വൈകാതെ സാധ്യമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. കാലാവധിയുള്ള തിരിച്ചറിയൽ രേഖയും വാഹന ഉടമസ്ഥാവകാശ രേഖയും കൈവശമുള്ളവർക്കു വേഗത്തിലും സുരക്ഷിതമായും അബഷീർവഴി  ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കും. എന്നാൽ വ്യാപാര ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനായി മാറ്റാൻ കഴിയില്ല. അതിനു നിലവിലുള്ളതുപോലെ വാഹന ഷോറൂമുകളെ സമീപിക്കണം.

അതേസമയം എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങുന്നത് ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്കു 100 മുതൽ 150 റിയാൽ വരെ ഇനി പിഴ ചുമത്തും. എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട വാഹനങ്ങൾ മോഷണം പോകുന്ന പശ്ചാത്തലത്തിലാണ് ട്രാഫിക് ഡയറക്ടറേറ്റ് നിയമം കർശനമാക്കിയത്.

click me!