യുഎഇയില്‍ പുതിയ വിസ പരിഷ്കാരങ്ങള്‍ 21 മുതല്‍ നിലവില്‍ വരും

By Web TeamFirst Published Oct 17, 2018, 4:15 PM IST
Highlights

വിവാഹമോചിതരായവര്‍ക്കും വിധവകളായവര്‍ക്കും അവരുടെ മക്കള്‍ക്കും അവരുടെ വിസ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും. ഇതിന് പുറമെ  പന്ത്രണ്ടാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി പഠന കാലം അവസാനിച്ചാലും രക്ഷിതാക്കള്‍ക്കൊപ്പം രണ്ട് വര്‍ഷം കൂടി യുഎഇയില്‍ തുടരാം. 

അബുദാബി: യുഎഇയിലെ പുതിയ വിസ പരിഷ്കാരങ്ങള്‍ ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച പരിഷ്കാരങ്ങളാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇപ്പോള്‍ നടപ്പാക്കുന്നത്. 

വിവാഹമോചിതരായവര്‍ക്കും വിധവകളായവര്‍ക്കും അവരുടെ മക്കള്‍ക്കും അവരുടെ വിസ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും. ഇതിന് പുറമെ  പന്ത്രണ്ടാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി പഠന കാലം അവസാനിച്ചാലും രക്ഷിതാക്കള്‍ക്കൊപ്പം രണ്ട് വര്‍ഷം കൂടി യുഎഇയില്‍ തുടരാം. ഇതിനുപുറമെ യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാതെ വിസ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള അനുമതിയാണ് മറ്റൊരു പ്രധാന പരിഷ്കാരം. 30 ദിവസത്തേക്കാണ് ഇങ്ങനെ അധിക കാലാവധി ലഭിക്കുന്നത്. നാട്ടില്‍ പോകാതെ തന്നെ രണ്ട് തവണ ഇങ്ങനെ കാലാവധി ദീര്‍ഘിപ്പിക്കാം.

യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ തരത്തിലാണ് വിസാ നിബന്ധനകള്‍ പരിഷ്കരിച്ചിരിക്കുന്നതെന്ന് അധിക-ൃതര്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാവരെയും സഹായിക്കുകയും രാജ്യത്തെ ജനങ്ങളെ സന്തോഷവാന്മാരാക്കുകയുമാണ് പുതിയ പരിഷ്കാരങ്ങളിലൂടെ യുഎഇ ക്യാബിനറ്റ് ലക്ഷ്യമിടുന്നതെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.
 

click me!