യെമനില്‍ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം; വഴികള്‍ തേടി കുടുംബം

By Web TeamFirst Published Aug 20, 2020, 8:43 AM IST
Highlights

കീഴ്ക്കോടതിയുടെ വിധി മേൽക്കടോതികൂടെ ശരി വച്ചതോടെ മോചന ദ്രവ്യം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. മോചനദ്രവ്യമായ എഴുപത് ലക്ഷം രൂപാ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അമ്മ.

കൊച്ചി: യെമനിൽ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് വഴി തേടി കുടുംബം. കീഴ്ക്കോടതിയുടെ വിധി മേൽക്കടോതികൂടെ ശരി വച്ചതോടെ മോചന ദ്രവ്യം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.

മോചനദ്രവ്യമായ എഴുപത് ലക്ഷം രൂപാ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അമ്മ. മകളെ കൊലക്കയറിൽ നിന്നും രക്ഷിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് നിമിഷയുടെ അമ്മ മേരി. 2017ലാണ് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.

കീഴ്ക്കോടതിയുടെ വിധി കഴിഞ്ഞ ദിവസം മേൽക്കോടതിയും ശരിവച്ചു. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യം നൽകി മകളെ രക്ഷപ്പെടുത്തുക എന്നുള്ളതാണ് ഇനിയുള്ള വഴി. എഴുപത് ലക്ഷം രൂപായാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത് എറണാകുളത്തെ ഒരുവീട്ടിൽ സഹായിയായി ജോലിനോക്കുന്ന മേരിക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. 

ശിക്ഷാവിധിക്കെതിരെ കോടതിയിൽ ഇനിയും അപ്പീൽ നൽകാൻ അവസരമുണ്ട്. ഇത് പരിഗണിക്കുന്നതിന് മുമ്പായി എഴുപത് ലക്ഷം രൂപാ കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബത്തിന് നൽകി ഒത്തു തീർപ്പിലെത്തണം. ക്ലിനിക് നടത്തിപ്പിൽ പങ്കാളി ആയിരുന്ന യെമൻ സ്വദേശി പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതോടെ ഗതികെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പറയുന്നത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലപാതകത്തിന് കൂട്ടുനിന്ന നഴ്‌സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ.

പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് നിമിഷ പ്രിയ സഹായം തേടി നേരത്തെ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു. 

click me!