
മസ്ക്കറ്റ്: പ്രോക്സി വോട്ടു സമ്പ്രദായം വരുന്ന പാർലമെന്റ് തെരെഞ്ഞടുപ്പിൽ പ്രാബല്യത്തിൽ വരാത്തതിൽ പ്രവാസികൾ നിരാശയിൽ. ലോക്സഭയിൽ പാസാക്കിയ ജനപ്രാതിനിധ്യ ബിൽ, രാജ്യസഭയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ് നടപ്പിലാക്കുവാൻ സാധിക്കാതെ പോകുന്നത്.
ഇതോടെ ഈ തെരഞ്ഞെടുപ്പിലും പ്രവാസികൾ തങ്ങളുടെ മണ്ഡലങ്ങളിൽ എത്തി വോട്ടു രേഖപെടുത്തേണ്ടി വരും. 31 ദശലക്ഷത്തോളം വരുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ പ്രോക്സി വോട്ടുമായി ബന്ധപെട്ട ജനപ്രാതിനിധ്യ ബിൽ 2018 ഓഗസ്റ്റില്‍ ലോക്സഭയിൽ പാസായതാണ്.
എന്നാൽ, രാജ്യസഭയിൽ ജനുവരി 31ന് ആരംഭിച്ചു ഫെബ്രുവരി 13ന് അവസാനിച്ച ബജറ്റ് സമ്മേളനത്തിൽ ജനപ്രാതിനിധ്യ ബിൽ ചർച്ചക്ക് എടുക്കാതിരുന്നതിനാല്‍ പ്രോക്സി വോട്ടിനു ഉള്ള സഭയുടെ അംഗീകാരം നഷ്ടമാവുകയായിരുന്നു. 2013ല്‍ രണ്ടു പ്രവാസി ഇന്ത്യക്കാർ പ്രോക്സി വോട്ടുമായി ബന്ധപെട്ട് സുപ്രിംകോടതിയിൽ ഫയൽ ചെയ്യപെട്ട പൊതു താല്പര്യ ഹർജിയിൻമേൽ തീരുമാനമെടുക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ലോക്സഭയിൽ പാസാക്കിയ ബിൽ രാജ്യസഭയിൽ അംഗീകാരത്തിനായി വെക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണയും അതുണ്ടായില്ല. അതിനാല്‍ ഈ വരുന്ന ലോക്സഭാ തെരെഞ്ഞടുപ്പിൽ സ്വന്തം മണ്ഡലങ്ങളിൽ നേരിട്ട് എത്തി വോട്ട് ചെയ്യുവാൻ മാത്രമേ പ്രവാസികൾക്ക് സാധിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam