Abu Dhabi entry Rules: അബുദാബിയില്‍ പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് നിബന്ധനകളില്‍ ഇളവ്

By Web TeamFirst Published Jan 21, 2022, 11:08 PM IST
Highlights

ടൂറിസ്റ്റുകള്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണമെന്ന നിബന്ധനയില്ല. പകരം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ തെളിവും കഴിഞ്ഞ 14 ദിവസത്തിനിടെ എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവുമാണ് വേണ്ടത്.

അബുദാബി: സന്ദര്‍ശകര്‍ക്ക് (visitors) അബുദാബിയില്‍ (Abu Dhabi) പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് (Booster dose) എടുത്തിരിക്കണമെന്ന നിബന്ധനയില്ല. എമിറേറ്റില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ (Abu Dhabi entry rules) പരിഷ്‍കരിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്‍ച അബുദാബി സാംസ്‍കാരിക - ടൂറിസം വകുപ്പ് (Department of Culture and Tourism) ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കുകയായിരുന്നു.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ ഹുസ്‍ന്‍‌ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ അബുദാബിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തണമെങ്കില്‍ 96 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവായിരിക്കണം. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം മതിയാവും.

എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിബന്ധന ബാധകമല്ല. പകരം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കണം. സ്വന്തം രാജ്യത്തെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ അല്ലെങ്കില്‍ പ്രിന്റ് ചെയ്‍ത വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കി ഒപ്പം കഴിഞ്ഞ 14 ദിവസത്തിനിടെ എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൂടി ഹാജരാക്കിയാല്‍ മതിയാവും. സ്വന്തം രാജ്യത്തുനിന്ന് നടത്തിയ പരിശോധനയുടെ ഫലമാണെങ്കില്‍ 48 മണിക്കൂറാണ് കാലാവധി. വാക്സിനെടുക്കാത്തവര്‍ക്ക് 96 മണിക്കൂറിനിടെ എടുത്ത പി.സി.ആര്‍ പരിശോധനാ ഫലമാണ് ആവശ്യം. ടൂറിസ്റ്റുകള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി റോഡുകളിലെ ഒരു ലേന്‍ പ്രത്യേകമായി നീക്കിവെയ്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. 
 

click me!