ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തണമെങ്കില്‍ കൊവിഡില്ലെന്നുള്ള രേഖ വേണം; നിബന്ധനയുമായി സര്‍ക്കാര്‍

By Web TeamFirst Published Jun 13, 2020, 12:07 AM IST
Highlights

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 20 മുതല്‍ കൊവിഡ് രോഗമില്ലെന്ന് ഉറപ്പുവരുത്തിയവര്‍ക്ക് മാത്രമേ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് മടങ്ങാനാവൂ.

മനാമ: ഇനി മുതല്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായവരെ മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലെത്തിക്കാന്‍ പാടുള്ളുവെന്ന് ഗള്‍ഫിലെ സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 20 മുതല്‍ കൊവിഡ് രോഗമില്ലെന്ന് ഉറപ്പുവരുത്തിയവര്‍ക്ക് മാത്രമേ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് മടങ്ങാനാവൂ.

തിങ്കളാഴ്ച ബഹറൈനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കേരളസമാജം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിലാണ് കൊവിഡ് നെഗറ്റീവ് ഫലം ഉറപ്പുവരുത്തിയവര്‍ മാത്രമേ കേരളത്തിലേക്ക് വരാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്താനാണ് നിര്‍ദ്ദേശം.

നേരത്തെ നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി 694 പേരെ നാട്ടിലെത്തിച്ചപ്പോഴില്ലാത്ത നിബന്ധന ബഹറൈന്‍ കേരള സമാജം പ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. തുടര്‍ന്ന് നോര്‍ക്കയെ ബന്ധപ്പെട്ടപ്പോള്‍ നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നായിരുന്നു മറുപടി. ബഹറൈനിലെ സര്‍ക്കാര്‍ ആശുത്രികളില്‍ രോഗലക്ഷണങ്ങളുള്ളവരെ മാത്രമേ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കൂ.

സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ പരിശോധനയ്ക്ക് എണ്ണായിരം മുതല്‍ പതിനായിരം രൂപവരെയാണ് ഈടാക്കുന്നത്. ഒരു ദിവസം മുപ്പതു പേരെ മാത്രമേ പരിശോധിക്കുകയുമുള്ളൂ. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച പുറപ്പെടുന്ന വിമാനത്തില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ അയക്കാവൂവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ഈ മാസം 20വരെ ഇളവ് അനുവദിച്ച സര്‍ക്കാര്‍ അതിന്ശേഷം നാട്ടിലേക്ക് വരുന്നവര്‍ രോഗമില്ലെന്ന് ഉറപ്പു വരുത്തണമെന്നറിയിച്ച് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

click me!