കൊവിഡ് പ്രതിരോധത്തില്‍ യുഎഇക്ക് ഒരു നേട്ടം കൂടി; അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കൊവിഡ് രോഗികളില്ല

By Web TeamFirst Published Nov 2, 2021, 2:17 PM IST
Highlights

അബുദാബിയിലെ കൊവിഡ് ചികിത്സ അടുത്ത ഘട്ടത്തില്‍ അല്‍ റഹ്‍ബ ആശുപത്രിയിലും അല്‍ഐന്‍ ആശുപത്രിയിലും മറ്റ് ഫീല്‍ഡ് ആശുപത്രികളിലും മാത്രം

അബുദാബി: കൊവിഡ് രോഗികളുടെ (covid cases in UAE) എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ (Abu dhabi private hospitals) ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് (Abu dhabi health department) അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ ആശുപത്രികളില്‍ മാത്രമായിരിക്കും ചികിത്സ ലഭ്യമാക്കുക. 

അബുദാബിയില്‍ അല്‍ റഹ്‍ബ ആശുപത്രിയിലും അല്‍ ഐന്‍ സിറ്റിയില്‍ അല്‍ഐന്‍ ആശുപത്രിയിലും മാത്രമായിരിക്കും അടുത്ത ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇതിന് പുറമെ എമിറേറ്റില്‍ പല ഭാഗങ്ങളിലായുള്ള ഫീല്‍ഡ് ആശുപത്രികളും കൊവിഡ് രോഗികള്‍ക്കായി പ്രവര്‍ത്തനം തുടരും. 

പുതിയ സാഹചര്യത്തില്‍ അല്‍ റഹ്‍ബ ആശുപത്രിയുടെ കിടക്കകളുടെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ 250ലേറെ കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയില്‍ 140 എണ്ണം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായും 37 എണ്ണം തീവ്രപരിചരണ വിഭാഗത്തിനുമായി മാറ്റി വെച്ചിട്ടുണ്ട്. 

ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും ഇപ്പോള്‍ കൊവിഡ് രോഗികളൊന്നും ഇല്ലെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള സ്‍പെഷ്യലൈസ്‍ഡ് സേവനങ്ങള്‍ ഇനി മുതല്‍ ഇവിടെ പുനഃരാരംഭിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവിടുത്തെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും പ്രവര്‍ത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും രാജ്യത്ത് പരമാവധി ജനങ്ങള്‍ വാക്സിനെടുത്തതാണ് നേട്ടത്തിന് കാരണമായതെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. 

78 പേര്‍ക്കാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 110 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. പുതിയ കൊവിഡ് മരണങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമില്ല.  ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  739,983 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 734,242 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,136 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,605 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

click me!