നാല് മാസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പകൽ വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം

By Web TeamFirst Published Jun 15, 2019, 12:24 AM IST
Highlights

രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാകും നിര്‍മാണ ജോലികൾ നടക്കുക. ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്,ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. 


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നവംബര്‍ ഇരുപതു മുതല്‍ നാല് മാസത്തേക്ക് പകൽ വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം. റണ്‍വേ നവീകരണത്തിന്‍റെ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതര്‍ അറിയിച്ചു.

പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ട റണ്‍വെ നവീകരണ ജോലികൾ നവംബര്‍ ഇരുപതു മുതലാണ് തുടങ്ങുന്നത്. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാകും നിര്‍മാണ ജോലികൾ നടക്കുക. ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്,ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. അതിനാൽ ഈ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ പത്തു വരെയുള്ള സമയത്തേയ്ക്ക് പുനക്രമീകരിക്കാൻ വിമാന കന്പനികളോട് സിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യാന്തര സര്‍വീസുകളിൽ ഭൂരിഭാഗവും നിലവിൽ വൈകീട്ട് അറ് മുതല്‍ രാവിലെ പത്തു വരെയാണ്. 35 ആഭ്യന്തര സര്‍വീസുകൾ പുതിയ സമയ ക്രമത്തിലേയ്ക്ക് മാറ്റേണ്ടി വരും. 99-ൽ ഉദ്ഘാടനം ചെയ്ത നെടുന്പാശ്ശേരി വിമാനത്താവളത്തിൻറെ ആദ്യ റണ്‍വെ നവീകരണം 2009 ൽ നടത്തിയിരുന്നു. രണ്ടാം ഘട്ട നവീകരണ ജോലികൾ നവംബര്‍ 20 മുതൽ തുടങ്ങി 2020 മാര്‍ച്ച്-28 ന് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വെയില്‍ ഓരോ ഭാഗത്തും റീടാറിങ് നടത്തും. 

ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കും. നിലവില്‍ കാറ്റഗറി-വണ്‍ റണ്‍വെ ലൈറ്റിങ് സംവിധാനമാണ് സിയാലിനുള്ളത്. ഇത് കാറ്റഗറി-ത്രീയിലേയ്ക്ക് ഉയര്‍ത്തും. ഇതിനായി റണ്‍വെയിൽ 30 മീറ്റർ അകലത്തിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾ 15 മീറ്ററിലേക്കാക്കും. 1500-ല്‍ അധികം പുതിയ ലൈറ്റുകൾ സ്ഥാപിക്കും. 151 കോടി രൂപ ചെലവഴിച്ചാണ് റണ്‍വെ - റീകാര്‍പ്പറ്റിങ് ജോലികൾ ചെയ്യുന്നത്. 
 

click me!