ബഹ്‌റൈനില്‍ നിന്നുളള പ്രവാസികളെ വിമാനത്തില്‍ കയറും മുമ്പ് ടെസ്റ്റ് ചെയ്യില്ല

By K T NoushadFirst Published May 6, 2020, 10:24 PM IST
Highlights

ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളെ വിമാനത്തില്‍ കയറും മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്യില്ല. വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് പനി പരിശോധന മാത്രം നടത്തിയാണ് വിമാനത്തില്‍ കയറ്റുക. 

മനാമ: ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളെ വിമാനത്തില്‍ കയറും മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്യില്ല. വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് പനി പരിശോധന മാത്രം നടത്തിയാണ് വിമാനത്തില്‍ കയറ്റുക. 

വൈറസ് ബാധയുണ്ടോയെന്നറിയാനുളള പിസിആര്‍ ടെസ്റ്റ് നടത്തില്ല. വിമാനത്തിലെ പുറകിലുളള മൂന്ന് നിരയൊഴിച്ചു ബാക്കിയെല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തും. സാമൂഹിക അകലത്തിനായി സീറ്റുകള്‍ ഒഴിച്ചിടില്ല. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റിയിരുത്താനാണ് പിന്‍ഭാഗത്തെ ഒമ്പത് സീറ്റുകള്‍ ഒഴിച്ചിടുന്നത്.

കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുളള വിമാനത്തില്‍ 177 യാത്രക്കാരെ വീതം കയറ്റും. വെളളിയാഴ്ച വൈകീട്ട് നാലിന് ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ പോകുന്നവര്‍ക്കുളള ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണെന്ന് ബഹ്‌റൈന്‍ എംബസിയുടെ താല്ക്കാലിക ചുമതലയുളള സെക്കന്റ് സെക്രട്ടറി നോര്‍ബു നെഗി 'ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനി'നോട് പറഞ്ഞു. 

ബുധാനാഴ്ച വൈകീട്ട് വരെ 100 ടിക്കറ്റാണ് ബുക്ക് ചെയ്തിട്ടുളളത്.  ഇന്ത്യന്‍ എംബസിയില്‍ സജ്ജമാക്കിയ എയര്‍ഇന്ത്യയുടെ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവര്‍ എംബസിയില്‍ നേരിട്ടെത്തി ടിക്കറ്റ് വാങ്ങണം. കോഴിക്കോട്ടേക്കുളള വിമാനം തിങ്കളാഴ്ച വൈകീട്ട് 4.30 നാണ് പുറപ്പെടുക. 

കൊച്ചിയിലേക്ക് 84 ബഹ്‌റൈന്‍ ദിനാറും (16000 രൂപ), കോഴിക്കോട്ടേക്ക് 79 ദീനാറും (15000 രൂപ) ആണ് ടിക്കറ്റ് ചാര്‍ജായി വാങ്ങുന്നത്. ദുരിതം കാരണം മടങ്ങേണ്ടി വരുന്ന പ്രവാസികളില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കരുതെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രവാസികളുടെ പണമുപയോഗിച്ചുണ്ടാക്കിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ (ഐ.സി.ഡബ്യു.എഫ്) നിന്ന് അര്‍ഹരായവര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നാണ് ആവശ്യം.

click me!