സ്വദേശികളുടെ താമസ സ്ഥലത്ത് നിന്ന് പ്രവാസി ബാച്ചിലര്‍മാരുടെ ഒഴിപ്പിക്കല്‍ ഊര്‍ജിതമാക്കുന്നു

By Web TeamFirst Published May 7, 2019, 10:00 AM IST
Highlights

സ്വദേശി താമസമേഖലയിൽ വിദേശികൾക്ക് വീടുകള്‍ വാടകയ്ക്ക് നൽകുന്നതിന് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. വിദേശികൾ താമസിക്കുന്നത് സ്വദേശികൾക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം. 

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികളുടെ താമസ മേഖലയിൽ നിന്ന് പ്രവാസി ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കി. മുനിസിപ്പാലിറ്റി നിയോഗിച്ച പ്രത്യേക സമിതി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മുന്നറിയിപ്പ് നല്‍കിയിട്ടും താമസം മാറ്റാത്ത ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

സ്വദേശി താമസമേഖലയിൽ വിദേശികൾക്ക് വീടുകള്‍ വാടകയ്ക്ക് നൽകുന്നതിന് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. വിദേശികൾ താമസിക്കുന്നത് സ്വദേശികൾക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം. സ്വദേശികൾ അവിവാഹിതരായ വിദേശികള്‍ക്ക് വീടുകൾ വാടകയ്ക്ക് നൽകുന്നത് കണ്ടത്താൻ മുനിസിപ്പാലിറ്റി സംഘം എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ട്. ബാച്ചിലര്‍മാരെ ഒഴിപ്പിക്കാൻ വിവിധ ഘട്ടങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചവർക്കെതിരെ ശക്തമായ നടപടിയാണ് ഇപ്പോള്‍ അധികൃതർ സ്വീകരിക്കുന്നത്.

ഫഹാഫീല്‍, ഖൈത്താന്‍, ജാബ്‍രിയ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 15 കെട്ടിടങ്ങളില്‍ വിദേശി ബാച്ചിലര്‍മാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഈ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെട്ടിട ഉടമകള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സ്വദേശികളുടെ താമസ മേഖലയിൽ വിദേശികുടുംബങ്ങൾക്ക് താമസിക്കുന്നതിന് തടസമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ബാച്ചിലര്‍മാര്‍ക്ക് മാത്രമാണ് വിലക്ക്. 

click me!