Latest Videos

യുഎഇയില്‍ ഇനി വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡില്ല

First Published Jul 22, 2018, 1:08 PM IST
Highlights

Virtual registration card valid for lifetime to be updated after annual vehicle inspection

ദുബായ്: യുഎഇയില്‍ വാഹന രജിസ്ട്രേഷന്‍ സമ്പൂര്‍ണ്ണമായി ഇലക്ട്രോണിക് രീതിയിലേക്ക് മാറിയതോടെ ഇപ്പോഴുള്ള പ്ലാസ്റ്റിക് രജിസ്ട്രേഷന്‍ കാര്‍ഡുകളുടെ വിതരണം നിര്‍ത്തുന്നു. ഓഗസ്റ്റ് മുതല്‍ വെര്‍ച്വല്‍ രജിസ്ട്രേഷന്‍ കാര്‍ഡുകളായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. ഇത്തരം ഇലക്ട്രോണിക് കാര്‍ഡുകള്‍ക്ക് ആജീവനാന്ത കാലാവധിയുമുണ്ടാകും. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും നിലവിലുള്ള രജിസ്ട്രേഷന്‍ പുതുക്കലും ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ.

ഓരോ വര്‍ഷവും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കിയ ശേഷം പുതിയ രജിസ്ട്രേഷന്‍ കാര്‍ഡ് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് പൂര്‍ണ്ണമായും മാറ്റുകയാണ്. എല്ലാത്തരം വാഹനങ്ങള്‍ക്കും ഇനി കാലാവധി രേഖപ്പെടുത്താത്ത വെര്‍ച്വല്‍ കാര്‍ഡുകള്‍ മാത്രമേ ഉണ്ടാകൂ. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അവ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് എല്ലാ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുകയും സാങ്കേതിക പരിശോധന പൂര്‍ത്തീകരിക്കുകയും ചെയ്ത ശേഷം ഇപ്പോഴുള്ള പോലെ രജിസ്ട്രേഷന്‍ പുതുക്കണം. എന്നാല്‍ ആദ്യ രജിസ്ട്രേഷനും പിന്നീടുള്ള രജിസ്ട്രേഷന്‍ പുതുക്കലും ഇനി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമായിരിക്കും. സാങ്കേതിക പരിശോധന മൂന്ന് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് നിര്‍ബന്ധമുള്ളത്.

ആര്‍ടിഎയുടെ വെബ്സൈറ്റായ www.rta.ae, ആര്‍ടിഎയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍, കോള്‍ സെന്റര്‍ (8009090) എന്നിവ വഴിയാണ് രജിസ്ട്രേഷന്‍ നടപടികളെല്ലാം. ഇത് പൂര്‍ത്തിയാകുന്നതോടെ വാഹന ഉടമയുടെ ഇ-മെയിലിലേക്ക് രജിസ്ട്രേഷന്‍ കാര്‍ഡ് അയച്ചുകൊടുക്കും. മൊബൈല്‍ ആപിലും കാര്‍ഡ് കാണാം. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ എല്ലായിടത്തും ഇത്തരത്തിലുള്ള വെര്‍ച്വല്‍ കാര്‍ഡുകള്‍ അംഗീകരിക്കപ്പെടുമെങ്കിലും രാജ്യത്തിന് പുറത്തേക്ക് വാഹനങ്ങളില്‍ പോകുന്നവര്‍ കാര്‍ഡിന്റെ പ്രിന്റ് എടുത്ത് കൊണ്ടുപോകുന്നത് ബുന്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ആര്‍ടിഎയുടെ ഇ-വാലറ്റില്‍ ആവശ്യമായ പണം കരുതിയിരുന്നാള്‍ വര്‍ഷാവര്‍ഷമുള്ള രജിസ്ട്രേഷന്‍ തനിയെ നടക്കുകയും ചെയ്യും. ഇന്‍ഷുറന്‍സ് പുതുക്കുകയും പരിശോധന പൂര്‍ത്തീകരിക്കുകയും ചെയ്യണമെന്ന് മാത്രം. 

click me!