
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ വലിയ സൗകര്യം ഒരുക്കി കുവൈത്ത്. ഫാമിലി വിസയ്ക്കായി ഇതുവരെ ഉണ്ടായിരുന്ന കുറഞ്ഞ ശമ്പള പരിധി ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയതായി അറിയിച്ചു. പുതിയ നിയമപ്രകാരം പ്രവാസികൾക്ക് ഭാര്യ, മക്കൾ, മാതാപിതാക്കൾക്ക് പുറമെ നാലാം തലമുറ വരെയുള്ള ബന്ധുക്കളെയും, വിവാഹബന്ധത്തിലൂടെ മൂന്നാം തലമുറ വരെയുള്ള ബന്ധുക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാം.
എന്നാൽ ഫാമിലി വിസയുടെ കാലാവധി ഒരു മാസമായി തന്നെ തുടരുമെന്ന് റെസിഡൻസി അഫയേഴ്‌സ് സെക്ടറിലെ കേണൽ അബ്ദുൽഅസീസ് അൽ-ഖന്ദാരി വ്യക്തമാക്കി. കൂടാതെ, ടൂറിസ്റ്റ് വിസകൾ എല്ലാ രാജ്യക്കാർക്കും ലഭിക്കുമെന്നും ചില പ്രത്യേക നിബന്ധനകൾ ബാധകമാണെന്നും മന്ത്രി അറിയിച്ചു. അംഗീകൃത രാജ്യങ്ങളുടെ പട്ടികയും യോഗ്യമായ തൊഴിൽ വിഭാഗങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പരിഗണിച്ച് ഇടയ്ക്കിടെ പുതുക്കും. നാല് വിഭാഗങ്ങളിലായാണ് ടൂറിസ്റ്റ് വിസകൾ തിരിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ഓപ്ഷനുകളും നിബന്ധനകളും ഉണ്ടായിരിക്കും.
മുൻപ് ഉണ്ടായിരുന്ന പോലെ കുവൈത്തിലേക്ക് വരാൻ കുവൈത്തിന്‍റെ ദേശീയ വിമാനക്കമ്പനിയിലൂടെയായിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയതായി ഖന്ദരി വ്യക്തമാക്കി. സന്ദർശകർക്ക് ഇനി സമുദ്രമാർഗം, കരമാർഗം, വ്യോമമാർഗം ഏതുവഴിയും, ഏതെങ്കിലും വിമാനക്കമ്പനി വഴിയും എത്താം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ പ്രക്രിയ പൂർണമായും ഡിജിറ്റൽ ആക്കി. 'കുവൈത്ത് വിസ' പ്ലാറ്റ്ഫോം വഴി ഓൺലൈനായി അപേക്ഷിക്കാം. ഈ സംവിധാനം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്. മന്ത്രാലയം വ്യക്തമാക്കിയതിൽപ്പ്രകാരം, വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ സന്ദർശകരെ ആകർഷിക്കുകയും ചെയ്യുന്നതാണ് ഈ നടപടികളുടെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam