പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ് ഫീസും ടോളും ഒഴിവാക്കി

By Web TeamFirst Published May 10, 2021, 9:49 AM IST
Highlights

മേയ് 11 മുതല്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ അവസാനിക്കുന്നതു വരെയാണ് (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ) പാര്‍ക്കിങ് സ്ഥലങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനാവുന്നത്.  

അബുദാബി: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് അബുദാബിയില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാലയളവില്‍ ടോള്‍ ഗേറ്റുകളിലും ചാര്‍ജുകള്‍ ഉണ്ടാവില്ല. ഞായറാഴ്‍ചയാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയത്.
  
മേയ് 11 മുതല്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ അവസാനിക്കുന്നതു വരെയാണ് (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ) പാര്‍ക്കിങ് സ്ഥലങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനാവുന്നത്.  മുസഫ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ എം18 പാര്‍ക്കിങ് ലോട്ടും ഈ അവധിക്കാലത്ത് സൗജന്യമായിരിക്കും. താമസക്കാര്‍ക്കായി മാത്രം നീക്കിവെച്ചിട്ടുള്ള പ്രത്യേക പാര്‍ക്കിങ് ഏരിയകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്‍താല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് ശേഷം നാല് മണിക്കൂറിനകം വാഹനം ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ വാഹനം അധികൃതര്‍ എടുത്തുമാറ്റുകയും ചെയ്യും. 

ഔദ്യോഗിക അവധി ദിനങ്ങള്‍ അവസാനിക്കുന്നതുവരെ ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനങ്ങളിലും ചാര്‍ജ് ഈടാക്കില്ല. അവധിക്ക് ശേഷം രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ടോള്‍ ഈടാക്കും. ശനിയാഴ്‍ച മുതല്‍ വ്യാഴാഴ്‍ച വരെയാണ് ടോള്‍ ഈടാക്കുന്നത്. റമദാനില്‍ ടോള്‍ ഗേറ്റുകളില്‍ പണം ഈടാക്കുന്ന സമയങ്ങളില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും പെരുന്നാള്‍ അവധിക്ക് ശേഷം പഴയ സമയക്രമം അനുസരിച്ചായിരിക്കും ചാര്‍ജ് ഈടാക്കുക.

click me!