വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചിട്ടും സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നുവെന്ന് കണക്കുകള്‍

By Web TeamFirst Published Sep 21, 2019, 11:27 AM IST
Highlights

ഈ വര്‍ഷം രണ്ടാം പാദാവസാനത്തിലെ കണക്കുകള്‍ പ്രകാരം ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 22.7 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. നിലവില്‍ 16,66,042 ഹൗസ് ഡ്രൈവര്‍മാരാണ് സൗദിയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ചുകഴിഞ്ഞിട്ടും ഹൗസ് ഡ്രൈവര്‍മാകുടെ എണ്ണം കൂടുന്നുവെന്ന് കണക്കുകള്‍. കൂടുതല്‍ വനിതകള്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതോടെ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നും നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്നുമായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായി ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നതായാണ് പുതിയ കണക്കുകള്‍.

ഈ വര്‍ഷം രണ്ടാം പാദാവസാനത്തിലെ കണക്കുകള്‍ പ്രകാരം ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 22.7 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. നിലവില്‍ 16,66,042 ഹൗസ് ഡ്രൈവര്‍മാരാണ് സൗദിയിലുള്ളത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദാവസാനത്തില്‍ ഇത് 13,57,228 പേരായിരന്നു. ഒരു വര്‍ഷത്തിനിടെ 3,08,814 പേരാണ് ഈ തൊഴില്‍ രംഗത്തേക്ക് പുതിയതായി എത്തിയത്. ഇപ്പോഴത്തെ ഹൗസ് ഡ്രൈവര്‍മാരില്‍ 459 പേര്‍ വിദേശവനിതകളാണെന്ന കാര്യവും ശ്രദ്ധേയമാണ്. വരും നാളുകളില്‍ കൂടുതല്‍ വനിതകള്‍ ഹൗസ് ഡ്രൈവര്‍മാരായി സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2018 ജൂണ്‍ 24നാണ് സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ 53.6 ശതമാനം പേരും ഹൗസ് ഡ്രൈവര്‍മാരാണ്.
 

click me!