ദുബൈയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി 'മലയാളി മാലാഖ'മാര്‍

By Web TeamFirst Published Aug 18, 2020, 12:16 AM IST
Highlights

മഹാമാരിക്കാലത്ത് പരസ്പരം സാന്ത്വനം പകരാൻ രൂപം കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കാശില്ലാത്തതിന്‍റെ പേരില്‍ നാട്ടിലേക്ക് മടങ്ങാന്‍ വിഷമിച്ചവര്‍ക്കടക്കം നൂറുകണക്കിനു പേര്‍ക്കാണ് ഇവര്‍ ആശ്രയമായി മാറിയത്. 

ദുബൈ: കൊവിഡ് പ്രതിരോധരംഗത്ത് മുന്നണിപ്പോരാളികളായി സേവനം ചെയ്യുമ്പോഴും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് ദുബൈയില്‍ ഒരു കൂട്ടം മലയാളി നഴ്സുമാർ. മഹാമാരിക്കാലത്ത് പരസ്പരം സാന്ത്വനം പകരാൻ രൂപം കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കാശില്ലാത്തതിന്‍റെ പേരില്‍ നാട്ടിലേക്ക് മടങ്ങാന്‍ വിഷമിച്ചവര്‍ക്കടക്കം നൂറുകണക്കിനു പേര്‍ക്കാണ് ഇവര്‍ ആശ്രയമായി മാറിയത്.

കേരളത്തിന്‍റെ വടക്ക് മുതല്‍ തെക്കേയറ്റം വരെയുള്ള 40 നഴ്സുമാരാണ് പ്രവാസലോകത്തെ മാലാഖമായി മാറിയിരിക്കുന്നത്. കൊവിഡ് കാലത്ത് ദുബൈയിലെ തിരക്കും സമ്മര്‍ദ്ദവും നിറഞ്ഞ ജോലിക്കിടെ പരസ്പരം സാന്ത്വനം പകരാനാണ് വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. ഇത് പിന്നീട് മറ്റുള്ളവർക്ക് കൂടി താങ്ങും തണലുമായി.

ലേബര്‍ ക്യാമ്പുകളില്‍ പ്രമേഹം, ഹൃദ്രോഗം എന്നിവ കാരണം ബുദ്ധിമുട്ടിയിരുന്ന രോഗികളെ കണ്ടെത്തി മരുന്നുകളെത്തിച്ചു. കൊവിഡിനോട് പൊരുതുവാൻ സ്വന്തം മക്കളെ പോലും മാറ്റി നിർത്തി ഹോട്ടൽ മുറികളിലും മറ്റും മാസങ്ങളായി താമസിക്കുന്നതിനിടെയാണ് സ്വന്തം വേതനത്തിൽ നിന്ന് ഒരു ഭാഗം മാറ്റിയുള്ള ജീവകാരുണ്യപ്രവർത്തനം ഇവര്‍ നടത്തുന്നത്.

കൂട്ടത്തില്‍ കൊവിഡ് പോസിറ്റീവായ നഴ്സുമാരുമുണ്ട്. മാനസിക സമ്മർദങ്ങൾ നൽകുന്ന ജോലിക്കിടയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനം ഏറെ ആശ്വാസം നല്‍കുന്നതായി ഇവര്‍ പറയുന്നു. കേവലമൊരു വാട്സ് ആപ് കൂട്ടായ്മയില്‍ നിന്ന് ഇത്രയും വലിയ ലക്ഷ്യം പൂർത്തീകരിക്കുവാൻ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടമായാണ് ഈ മാലാഖമാര്‍ കരുതുന്നത്. 

click me!