ക്വാറന്റീന്‍ നിയമങ്ങള്‍ കര്‍ശനമാക്കി ഒമാന്‍; രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് സുപ്രധാന അറിയിപ്പ്

By Web TeamFirst Published Feb 11, 2021, 6:13 PM IST
Highlights

രാജ്യത്തെ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്ന് സുപ്രീം കമ്മറ്റി വിലയിരുത്തി. 

മസ്‌കറ്റ്: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാനിലെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. കര,സമുദ്ര,വ്യോമ അതിര്‍ത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. 

കൊവിഡ് വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നതായി സുപ്രീം കമ്മറ്റി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്നും സുപ്രീം കമ്മറ്റി വിലയിരുത്തി. അതേസമയം ഒമാന് പുറത്ത് കഴിയുന്ന സ്വദേശികള്‍ക്ക് രാജ്യത്തേക്ക് കര അതിര്‍ത്തികളിലൂടെ മടങ്ങി വരുന്നതിനായി 10 ദിവസത്തെ ഗ്രൈസ് പീരിയഡാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തിരികെയെത്താന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ ഫെബ്രുവരി 21നുള്ളില്‍ രാജ്യത്തെത്തണം. 

സുല്‍ത്താനേറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെ ബീച്ചുകളും പൊതു പാര്‍ക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച  മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടാന്‍ ഇന്നലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. വിശ്രമ കേന്ദ്രങ്ങള്‍, ഫാമുകള്‍, വിന്റര്‍ ക്യാമ്പുകള്‍, മുതലായ സ്ഥലങ്ങളിലെ എല്ലാ രീതിയിലുമുള്ള ഒത്തുചേരലുകല്‍ നിര്‍ത്താനും വീടുകളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കാനും കമ്മറ്റി ആവശ്യപ്പെട്ടു. 12-ാം തീയതി വെള്ളിയാഴ്ച രാവിലെ മുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹുക്ക കഫേകള്‍,  ജിമ്മുകള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 50% ആക്കാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു.


 

click me!