സൗദിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്താന്‍ പുതിയ വ്യവസ്ഥ; ആദ്യ ഘട്ടം നടപ്പായി

By Web TeamFirst Published Feb 11, 2021, 4:29 PM IST
Highlights

സൗദിയിലെ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം രണ്ടാഴ്ച മുമ്പാണ് മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാലിക്കേണ്ട മൂന്ന് നിബന്ധനകള്‍ പുറത്തിറക്കിയത്.

റിയാദ്: സൗദി അറേബ്യയിലെ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ (ബഖാലകള്‍) നടത്താന്‍ ഇനി പുതിയ നിബന്ധനകള്‍. നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കാനും കട നടത്തിപ്പിനുള്ള ലൈസന്‍സും ജീവനക്കാരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റും പ്രദര്‍ശിപ്പിക്കാനും അനുവദിച്ച സമയ പരിധി അവസാനിച്ചു. ബുധനാഴ്ച മുതല്‍ ഈ നിയമം നടപ്പായി. ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മുനിസിപ്പാലിറ്റിയുടെ പരിശോധകര്‍ കടകളില്‍ റെയ്ഡ് നടത്തും.

സൗദിയിലെ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം രണ്ടാഴ്ച മുമ്പാണ് മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാലിക്കേണ്ട മൂന്ന് നിബന്ധനകള്‍ പുറത്തിറക്കിയത്. ജീവനക്കാര്‍ക്കും സ്ഥാപനത്തിനും മതിയായ ആരോഗ്യ കാര്‍ഡ് ഉണ്ടായിരിക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന. കടയില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന എല്ലാ ഉല്‍പന്നങ്ങളിലും വില വിവരം രേഖപ്പെടുത്തണമെന്നത് രണ്ടാമത്തെ നിബന്ധന. കടയില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം നിരീക്ഷണ കാമറ ഘടിപ്പിക്കണമെന്നതാണ് മൂന്നാമത്തെ നിബന്ധന. ഇത് നടപ്പാക്കാനുള്ള കാലാവധിയാണ് ബുധനാഴ്ച അവസാനിച്ചത്. ഇനി പരിശോധനകളില്‍ ഈ പറഞ്ഞ നിബന്ധനകള്‍ പാലിച്ചില്ലെന്ന് ബോധ്യപ്പെട്ടാല്‍ വലിയ തുക പിഴ ചുമത്തും. രണ്ടാം ഘട്ടത്തില്‍ അഞ്ച് നിബന്ധനകള്‍ കൂടി നടപ്പാക്കും. അതിനുള്ള കാലാവധി ജൂണ്‍ 29 ആണ്. 

click me!