
മസ്കറ്റ്: ഒമാനിലെ വിനോദസഞ്ചാര സീസണായ ഖരീഫ് കാലയളവിൽ മസ്കറ്റ്-സലാല വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് തടയാൻ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് വിവിധ തട്ടുകളായുള്ള പുതിയ നിരക്ക് പട്ടിക പുറത്തിറക്കിയത്. ഒമാൻ എയർപോർട്‌സ്, ഒമാൻ എയർ, സലാം എയർ എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പുതിയ തീരുമാനം അറിയിച്ചത്.
സീസൺ അനുസരിച്ചും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ചും ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരും. ഖരീഫ് സീസണിൽ പോയി വരാനുള്ള ടിക്കറ്റിന് 54 റിയാലും, വർഷത്തിലെ മറ്റ് സമയങ്ങളിൽ 64 റിയാലും ആയിരിക്കും നിരക്ക്. ഒരു മാസം മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 36 റിയാൽ. രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 46 റിയാൽ. അവസാന നിമിഷം ടിക്കറ്റ് എടുക്കുന്നവർക്ക് 57 റിയാൽ. ഒമാനി സ്വദേശികൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു. ലഗേജ് ഇല്ലാതെ 9.99, 19.99, 25.99 റിയാൽ എന്നീ നിരക്കുകളിൽ ടിക്കറ്റ് ലഭ്യമാകും. 20 കിലോ ലഗേജ് ഉൾപ്പെടെയാണെങ്കിൽ 18.99, 23.99, 29.99 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.
ലഗേജ് ഇല്ലാതെ 27.99 മുതൽ 48.99 റിയാൽ വരെയും, ലഗേജ് സഹിതം 35.99 മുതൽ 56.99 റിയാൽ വരെയും ടിക്കറ്റുകൾ ലഭിക്കും. മേഖലയിലെ മാറ്റങ്ങളും ഇന്ധനവില വർധനവും കണക്കിലെടുത്താണ് പുതിയ നിരക്ക് പരിഷ്കരണം നടത്തിയതെന്ന് ഗതാഗത മന്ത്രി അറിയിച്ചു. വിമാനക്കമ്പനികളെ ഇത് ചെറിയ രീതിയിൽ ബാധിച്ചേക്കാമെങ്കിലും പൗരന്മാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam