ഒമാനില്‍ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി

By Web TeamFirst Published Jan 11, 2020, 11:38 AM IST
Highlights

അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന് മക്കളില്ല. ജീവിതകാലത്ത് അദ്ദേഹം തന്റെ പിന്‍ഗാമിയെ പരസ്യമായി പ്രഖ്യാപിച്ചിട്ടുമില്ല. ഭരണാധികാരി വിടവാങ്ങിയാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നാണ് 1996ലെ സ്റ്റാറ്റ്യൂട്ട് അനുശാസിക്കുന്നത്. 

മസ്‍കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ നിര്യാണത്തിന് പിന്നാലെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിനായി ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്നു. രാജ കുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ യോഗം ചേര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നാണ് ഡിഫന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന് മക്കളില്ല. ജീവിതകാലത്ത് അദ്ദേഹം തന്റെ പിന്‍ഗാമിയെ പരസ്യമായി പ്രഖ്യാപിച്ചിട്ടുമില്ല. ഭരണാധികാരി വിടവാങ്ങിയാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നാണ് 1996ലെ സ്റ്റാറ്റ്യൂട്ട് അനുശാസിക്കുന്നത്. ഇതനുസരിച്ച് രാജകുടുംബം യോഗം ചേര്‍ന്ന് പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കും. മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയമുണ്ടാക്കാന്‍ രാജകുടുംബത്തിന് സാധിക്കുന്നില്ലെങ്കില്‍ സുല്‍ത്താന്‍ ഖാബൂസ് എഴുതിയതും സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നതുമായ രേഖ തുറക്കും. ഇതില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിയെ രാജ്യത്തിന്റെ അധികാരമേല്‍പ്പിക്കും. മിലിട്ടറി, സെക്യൂരിറ്റി ഉദ്യോഗസ്ഥരും, സുപ്രീം കോടതി മേധാവികളും ഇരുപ്രതിനിധി സഭകളുടെ അധ്യക്ഷന്മാരും ചേര്‍ന്നായിരിക്കും, മുന്‍ഭരണാധികാരി രേഖപ്പെടുത്തിയ സന്ദേശം തുറക്കുന്നതും അതില്‍ പേര് പ്രതിപാദിച്ചിരിക്കുന്ന വ്യക്തിക്ക് അധികാരം കൈമാറുന്നതും.

click me!