ഒമാനിൽ മദ്യത്തിനും പുകയിലയ്ക്കും നൂറു ശതമാനം നികുതി വർദ്ധിപ്പിക്കാൻ തീരുമാനം

By Web TeamFirst Published Mar 17, 2019, 11:53 PM IST
Highlights

2015ല്‍ റിയാദിൽ നടന്ന ജി സി സി സുപ്രീം കൗൺസിലിന്റെ 36-ാമത് ഉച്ച കോടിയിലാണ് സെലക്ടീവ് ടാക്സ് എന്ന സമ്പ്രദായം നിലവിൽ വരുന്നത്

മസ്ക്കറ്റ്: ഒമാനിൽ മദ്യത്തിന്റേയും പുകയിലയുടേയും നികുതി നൂറു ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനം. ആരോഗ്യത്തിന് ഹാനികരമായ ഉത്‌പന്നങ്ങൾക്കും ആഹാര പദാർത്ഥങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിനായി ജൂൺ മാസം മുതൽ സെലക്ടീവ് ടാക്സ് സമ്പ്രദായം പ്രാബല്യത്തിൽ വരും.

സെലക്ടീവ് ടാക്സ് അഥവാ "പ്രത്യേക നികുതി" അനുസരിച്ചുള്ള നിരക്ക് 50 ശതമാനം മുതൽ നൂറു ശതമാനം വരെയായിരിക്കും ചുമത്തുക. മദ്യം, പുകയില, ഊർജ പാനീയങ്ങൾ, പന്നിയിറച്ചി ഉല്പന്നങ്ങൾ എന്നിവയ്‍ക്ക് നൂറു ശതമാനവും ശീതള പാനീയങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവയ്ക്ക് അൻപതു ശതമാനവും വരെ ആണ് നികുതി വർദ്ധനവ്.

"സെലക്ടീവ് ടാക്സ്" സംവിധാനം ജൂൺ പതിനഞ്ചു മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇതിന് മുൻപ് നിശ്ചിത ഉത്പന്നങ്ങൾക്ക് നിരക്ക് വർധിപ്പിച്ചാൽ കർശന നടപടി നേരിടേണ്ടി വരും. പൗരന്മാരുടെ ഉപഭോഗ ശീലത്തിലെ മാറ്റങ്ങളിലൂടെ  ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

2015ല്‍ റിയാദിൽ നടന്ന ജി സി സി സുപ്രീം കൗൺസിലിന്റെ 36-ാമത് ഉച്ച കോടിയിലാണ് സെലക്ടീവ് ടാക്സ് എന്ന സമ്പ്രദായം നിലവിൽ വരുന്നത്. ഇതനുസരിച്ചു സൗദി അറേബിയ, യുഎഇ, ബഹ്‌റൈൻ എന്നീ ജിസിസി രാജ്യങ്ങൾ 2017 മുതൽ സെലക്ടീവ് ടാക്സ് നടപ്പിലാക്കിയിരുന്നു.

click me!