സ്വദേശിവത്കരണം; ഒമാനില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

By Web TeamFirst Published Jan 24, 2019, 10:42 AM IST
Highlights

ഫാര്‍മസിസ്റ്റ് തസ്തികയില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അതനുസരിച്ച് അഭിമുഖ പരീക്ഷ നടത്തി സ്വദേശികളെ ജോലിക്കെടുത്തു. ഇവരില്‍ പലരും കഴിഞ്ഞ ആഴ്ച ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 

മസ്കത്ത്: ഒമാനില്‍ വിവിധ രംഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന ഫാര്‍മസിസ്റ്റുകളില്‍ പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കൂടുതല്‍ സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദേശികളെ പിരിച്ചുവിടുന്നത്.

ഫാര്‍മസിസ്റ്റ് തസ്തികയില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അതനുസരിച്ച് അഭിമുഖ പരീക്ഷ നടത്തി സ്വദേശികളെ ജോലിക്കെടുത്തു. ഇവരില്‍ പലരും കഴിഞ്ഞ ആഴ്ച ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.  ഇതോടെയാണ് ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് ഫാര്‍മസിറ്റ് തസ്തികകളില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നത്.

ജൂണ്‍ രണ്ട് ആയിരിക്കും അവസാന പ്രവൃത്തി ദിവസമെന്ന് അറിയിച്ചുകൊണ്ടാണ് പലര്‍ക്കും നോട്ടീസ് ലഭിച്ചത്. ഈ വര്‍ഷം പകുതിയോടെ ഫാര്‍മസിസ്റ്റ് തസ്തികയില്‍ 95 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാകും. ബാക്കിയുള്ളവര്‍ക്കും ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കുമെന്നാണ് സൂചന.

click me!