ഇളവുകള്‍ അവസാനിച്ചു; ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കിയില്ലെങ്കില്‍ പിഴ

By Web TeamFirst Published Jul 17, 2020, 2:30 PM IST
Highlights

പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. ജൂലൈ ഒന്നു മുതല്‍ ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.

മസ്‌കറ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ അവസാനിച്ചു. ജൂലൈ 15 ബുധനാഴ്ചയാണ് ഇളവുകള്‍ അവസാനിച്ചത്. കാലാവധി കഴിഞ്ഞ തൊഴില്‍ വിസകളും സന്ദര്‍ശക വിസകളും എത്രയും വേഗം പുതുക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്റ്‌സ് ഡയറക്ടറേറ്റ് ജനറല്‍ വക്താവ് അറിയിച്ചു.

പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. ജൂലൈ ഒന്നു മുതല്‍ ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. റെസിഡന്റ് വിസ പുതുക്കുന്നതിന് സേവനകേന്ദ്രത്തിലെത്തണമെന്നും ഓണ്‍ലൈന്‍ വഴി ഇതിന് കഴിയില്ലെന്നും ആര്‍ഒപി വക്താവ് വ്യക്തമാക്കി.  

റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വിദേശ തൊഴിലാളിയോ കുടുംബാംഗങ്ങളോ സേവന കേന്ദ്രത്തില്‍ എത്തേണ്ടതില്ല. വിരലടയാങ്ങള്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്നത് കൊണ്ട് കമ്പനി പിആര്‍ഒയ്ക്ക് സേവന കേന്ദ്രത്തിലെത്തി നടപടികള്‍ പൂര്‍ത്തീകരിക്കാനും റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാനും സാധിക്കും. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കും.  
 

click me!