പ്രവാസലോകത്തും കൃഷിക്കൂട്ടം സജീവം; ഒമാനില്‍ സൗജന്യ വിത്ത് വിതരണം നടത്തി

By Web TeamFirst Published Sep 4, 2021, 8:05 PM IST
Highlights

വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളയുടെ പക്കൽ നിന്നുള്ള പുതിയ വിത്തുകളും ഒമാനിൽ നിന്നുള്ള ഹൈബ്രിഡ് വിത്തുകളുമാണ് ഒമാൻ കൃഷിക്കൂട്ടം അംഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്‍തത്.

മസ്‍കത്ത്: 'ഒമാൻ കൃഷിക്കൂട്ടം' വാട്‍സ്ആപ്പ് കൂട്ടായ്‍മയിലെ അംഗങ്ങൾക്കായി മസ്‍കത്തിൽ വിത്ത് വിതരണം നടത്തി. മസ്‍കത്ത്, സലാല, സൊഹാർ, ബുറൈമി തുടങ്ങി ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള 150 ഓളം അംഗങ്ങൾക്കാണ് വിത്തുകൾ വിതരണം ചെയ്‍തത്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളയുടെ പക്കൽ നിന്നുള്ള പുതിയ വിത്തുകളും ഒമാനിൽ നിന്നുള്ള ഹൈബ്രിഡ് വിത്തുകളുമാണ് ഒമാൻ കൃഷിക്കൂട്ടം അംഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്‍തത്.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വിത്ത് വിതരണം നടത്തിയത്. രണ്ടാം ഘട്ടത്തിൽ 'ഒമാൻ കൃഷിക്കൂട്ടം' ഫേസ്‍ബുക്ക് കൂട്ടായ്‍മയിലെ അംഗങ്ങൾക്കാണ് വിത്തുകൾ നൽകുക. ഒമാനിൽ സ്ഥിരമായി താമസിച്ചുവരുന്നവർക്കും കൃഷിയോട് താത്പര്യമുള്ളവർക്കും ഒമാൻ കൃഷിക്കൂട്ടത്തിൽ അംഗങ്ങളായി  ചേർന്ന് പ്രവർത്തിക്കാനാവും. വിത്തുകൾ ആവശ്യമുള്ള അംഗങ്ങൾ പേര്, താമസിക്കുന്ന സ്ഥലം, മൊബൈൽ നമ്പർ എന്നിവ സെപ്‍റ്റംബര്‍ പത്തിന് മുമ്പ് ഒമാൻ കൃഷിക്കൂട്ടം ഫേസ്‍ബുക്ക് ഗ്രൂപ്പിൽ വിത്ത് വിതരണവുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ കമന്റ്  ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയുന്ന 150 പേർക്കായിരിക്കും വിത്തുകൾ സൗജന്യമായി നൽകുക. ടെലിഫോൺ നമ്പർ നൽകുവാൻ താത്പര്യമില്ലാത്തവർ ഒമാൻ കൃഷികൂട്ടം അഡ്‍മിനെ നേരിട്ട് ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. 

പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും കൃഷിയെ സ്‌നേഹിക്കുന്ന ഒമാനിലെ ഒരുകൂട്ടം മലയാളികളാണ് ഒമാൻ കൃഷികൂട്ടത്തിന്റെ പിന്നണിയിൽ പ്രവര്‍ത്തിക്കുന്നത്. ഏത് സാഹചര്യത്തിലും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്‍തത കൈവരിക്കുകയെന്ന സന്ദേശം      മറ്റുള്ളവരിൽ എത്തിക്കുകയെന്നത് ഈ കൂട്ടായ്‌മയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്   താമസസ്ഥലത്തു ഒരു ചെറിയ 'അടുക്കളത്തോട്ടം' രൂപപെടുത്താനും ഈ കൂട്ടായ്‍മ  വേണ്ട സഹായങ്ങൾ നൽകിവരുന്നു.

വിത്ത് വിതരണത്തിന് പുറമെ കൃഷിക്ക് വേണ്ട പരസ്‍പര സഹായങ്ങൾ ചെയ്യുക, വളം കണ്ടെത്തൽ, ബോധവത്കരണ പരിപാടികൾ  എന്നിവ അംഗങ്ങൾക്ക് വേണ്ടി ഒമാൻ കൃഷിക്കൂട്ടം ചെയ്‍തുവരുന്നു. ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്‍മ ഇന്ന് ഒമാന്റെ വിവിധ ഭാഗങ്ങളായ സൊഹാർ,  ഇബ്രി, സഹം,  മസ്‍കത്ത് എന്നി  പ്രദേശങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്..

click me!