ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍, കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി

Published : Oct 03, 2021, 12:05 PM IST
ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍, കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി

Synopsis

ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‍കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.

മസ്‍കത്ത്: ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒമാനില്‍ (Oman) കനത്ത ജാഗ്രത. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ (Heavy rain) തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‍കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വർദ്ധിച്ചാൽ,  ജനങ്ങൾ   വീടുകളുടെ  ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ കഴിയണമെന്ന് ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു.  

രാജ്യത്ത് പലയിടങ്ങളിലും നാശനഷ്‍ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അൽ  ബാത്തിന ഗവര്‍ണറേറ്റിലെ സഹം  വിലായത്തിൽ കടൽ തിരമാലകൾ സംരക്ഷണ മതിൽ   മറികടന്ന് കരയിലേക്ക് കയറി. ഇവിടങ്ങളില്‍ വീടുകളിലേക്ക് കടൽ വെള്ളം കയറുന്നുവെന്ന് ഒമാൻ  ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‍കത്ത് ഗവര്‍ണറേറ്റിൽ അൽ  വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അൽ നഹ്‍ദ പ്രസിന് പിന്നിലുള്ള  മല  ഇടിഞ്ഞു വീണു. ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. 

മസ്‍കത്ത് ഗവര്‍ണറേറ്റിൽ  ബൗഷറിലെ അൽ-അത്തൈബ മേഖലയില്‍ വെള്ളപ്പാച്ചിലിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ  സംഘം രക്ഷപെടുത്തി. വീടുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് മത്ര വിലായത്തിൽ ഏഴ് പേരെ രക്ഷപ്പെടുത്തി. 

ഒമാന്റെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന യാത്രക്കാർ  ജാഗ്രത  പുലർത്തണമെന്ന് കർശന  നിർദ്ദേശം നല്‍കി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഖുറാമിലെ വാണിജ്യ മേഖലയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അൽ-നഹ്‍ദ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് സാധ്യത മുന്നില്‍കണ്ട് വിമാന സര്‍വീസുകളുടെ സമയക്രമം വിവിധ കമ്പനികള്‍ മാറ്റിയിരുന്നു. മസ്‍കത്ത് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡിലൂടെയുള്ള ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തി.

മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളിൽ ഏർപെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഒമാൻ കൃഷി മത്സ്യ - ജലവിഭവ മന്ത്രാലയം അറിയിച്ചു. 

അണക്കെട്ടുകളെ സമീപിക്കരുതെന്നും താഴ്‍വരകളിൽ നിന്ന് അകന്നു നിൽക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ മസ്‍കത്തിൽ നിന്ന്  സീബ് വിലായത്തിലെ സഹ്‍വ ടവർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന തുരങ്കം നേരത്തെ തന്നെ അടച്ചു.

പ്രധാന റോഡായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ അൽ സഹ്‌വാ ടവർ  മുതൽ  ഖുറം ഫ്ലൈ ഓവർ വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടുവെന്നു ഒമാൻ ദുരന്തര നിവാരണ സമതി അറിയിച്ചു. റോഡ് സാധാരണ നിലയിലേക്ക് വരുന്നത് വരെ  മറ്റു റോഡുകൾ  ഉപയോഗിക്കണമെന്നും ഒമാൻ ന്യൂസ്  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ
'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ