ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 910 ആയി; 82 ശതമാനവും മസ്കത്തില്‍

By Web TeamFirst Published Apr 15, 2020, 9:08 PM IST
Highlights
ഇന്ന്  97 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 86 പേരും മസ്കത്ത് ഗവര്ണറേറ്റിൽ നിന്നുമുള്ളവരാണ്. 
മസ്കത്ത്: ഒമാനിൽ ഇന്ന്  97 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 86 പേരും മസ്കത്ത് ഗവര്ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ല്‍ എത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയില്‍ മൂന്ന് മാസത്തേക്ക്  ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ജീവനക്കാരുമായി ചർച്ച ചെയ്തു ധാരണയുണ്ടാക്കാമെന്ന് സുപ്രീം കമ്മറ്റി നിര്‍ദേശിച്ചു. ഇതിനുപകരം പ്രവൃത്തി സമയം കുറയ്ക്കാമെന്നും സുപ്രീം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു.

അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച മേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ വാർഷിക അവധി നൽകാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും അവകാശമുണ്ടാകും. കൊവിഡ് കാലയളവിൽ നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാത്ത പ്രവാസി തൊഴിലാളികളുടെ കാലഹരണപ്പെട്ട ലൈസൻസ് തൊഴിലുടമകൾക്ക് പുതുക്കാൻ സാധിക്കും.

വേതനം കുറയ്ക്കുന്ന കാലയളവിൽ സ്വദേശികൾക്ക് ബാങ്ക് വായ്പകളുടെ തിരിച്ചടവ് മാറ്റിവെയ്ക്കുന്നതിനും മറ്റു പണമിടപാടുകള്‍ പലിശയും  അധിക ഫീസുകളില്ലാതെ പുനഃക്രമീകരിക്കാനും സുപ്രിം കമ്മറ്റി നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, മലിനജല ബില്ലുകൾ എന്നിവയുടെ പണമടയ്ക്കൽ 2020 ജൂൺ അവസാനം വരെ നീട്ടി വെയ്ക്കുമെന്നും പിന്നീട് തവണകളായി അടക്കുവാനുള്ള ക്രമീകരണം നടത്തുമെന്നും സ്വകാര്യ സ്ഥാപനങ്ങൾക്കായി സുപ്രീം കമ്മറ്റി ഇന്ന് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 
click me!