Latest Videos

ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടും; ചില ഗവര്‍ണറേറ്റുകളിലെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും

By Web TeamFirst Published Feb 10, 2021, 10:44 PM IST
Highlights

സുല്‍ത്താനേറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെ ബീച്ചുകളും പൊതു പാര്‍ക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച  മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

മസ്‌കറ്റ്: ഒമാനിലെ  ചില ഗവര്‍ണറേറ്റുകളിലെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും രാജ്യത്തെ ബീച്ചുകളും പാര്‍ക്കുകളും അടയ്ക്കാനും കരമാര്‍ഗം രാജ്യത്ത് എത്തുന്ന സ്വദേശി പൗരന്മാര്‍ക്ക് ക്വാറന്‍റീന്‍ നടപടികള്‍ കര്‍ശനമാക്കുവാനും ഒമാന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് വരെ 14 ദിവസത്തേക്ക് നിര്‍ത്തിവെക്കാനാണ് സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.    

സുല്‍ത്താനേറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെ ബീച്ചുകളും പൊതു പാര്‍ക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച  മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. വിശ്രമ കേന്ദ്രങ്ങള്‍, ഫാമുകള്‍, വിന്റര്‍ ക്യാമ്പുകള്‍, മുതലായ സ്ഥലങ്ങളിലെ എല്ലാ രീതിയിലുമുള്ള ഒത്തുചേരലുകല്‍ നിര്‍ത്താനും വീടുകളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കാനും കമ്മറ്റി ആവശ്യപ്പെട്ടു. 12-ാം തീയതി വെള്ളിയാഴ്ച രാവിലെ മുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹുക്ക കഫേകള്‍,  ജിമ്മുകള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 50% ആക്കാനും സുപ്രീം കമ്മിറ്റി തീരുമാനത്തില്‍ പറയുന്നു. ഒമാനിലേക്ക് കരമാര്‍ഗം എത്തുന്ന എല്ലാ സ്വദേശി പൗരന്മാരും സ്വന്തം ചെലവില്‍  ഇന്‍സ്റ്റിറ്റ്യൂഷണല്‍  ക്വറന്‍റീന്‍ നടപടികള്‍ക്ക് വിധേയരാകണമെന്നും കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കുമായി ചുമത്തിയ അംഗീകൃത നടപടിക്രമങ്ങള്‍ക്ക് പൗരന്മാര്‍ വിധേയമായിരിക്കണമെന്നും സുപ്രിം കമ്മറ്റിയുടെ ഉത്തരവില്‍ വിശദമാക്കുന്നു.

click me!