ഒമാനില്‍ പത്രങ്ങളുടെ അച്ചടിയും വിതരണവും നിര്‍ത്തുന്നു; മണി എക്സ്ചേഞ്ച് സെന്ററുകളും പൂട്ടും

By Web TeamFirst Published Mar 22, 2020, 6:15 PM IST
Highlights

പൊതുസ്ഥലങ്ങളിലെ എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. രാജ്യത്തെ എല്ലാ മണി എക്സ്ചേഞ്ച് സെന്ററുകളും അടച്ചുപൂട്ടും. പകരം ബാങ്കുകള്‍ വൈറസ് വ്യാപനം തടയുന്നതിനെതിരായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കണം. 

മസ്കത്ത്: ഒമാനില്‍ പൊതുസ്ഥലങ്ങളിലുള്ള എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് അധികൃതര്‍. കൊവിഡ് 19മായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടിയുള്ള സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.  ഇതനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജവനക്കാരുടെ എണ്ണം 30 ശതമാനത്തില്‍ താഴെയായി നിജപ്പെടുത്തും. മറ്റ് ജീവനക്കാര്‍ ഓഫീസുകളില്‍ വരാതെ വീടുകളിലിരുന്ന് ജോലി ചെയ്യും.

പൊതുസ്ഥലങ്ങളിലെ എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. രാജ്യത്തെ എല്ലാ മണി എക്സ്ചേഞ്ച് സെന്ററുകളും അടച്ചുപൂട്ടും. പകരം ബാങ്കുകള്‍ വൈറസ് വ്യാപനം തടയുന്നതിനെതിരായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കണം. പത്രങ്ങളുടേതും മാഗസിനുകളുടേതും ഉള്‍പ്പെടെ എല്ലാത്തരം അച്ചടി മാധ്യമങ്ങളുടെയും പ്രിന്റിങ് നിര്‍ത്തിവെയ്ക്കും. ഇവയുടെ വിതരണത്തിനും വിലക്കുണ്ട്. രാജ്യത്തിന് പുറത്തുനിന്ന് പ്രസിദ്ധീകരിക്കുന്നവയുടെ വിതരണത്തിനും വിലക്കേര്‍പ്പെടുത്തി.

പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചുപൂട്ടും. പകരം ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. സ്വകാര്യ മേഖലയിലെ ജോലി സ്ഥലങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വീടുകളിലിരുന്ന് ജോലി ചെയ്യാവുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരിമിതപ്പെടുത്തുകയും പകരം ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണം.

click me!