ഒമാനിലെ ക്വാറന്റീന്‍; ഹോട്ടലുകള്‍ വീഴ്‍ച വരുത്തുന്നുണ്ടോയെന്ന് ടൂറിസം മന്ത്രാലയം പരിശോധിക്കും

By Web TeamFirst Published Mar 26, 2021, 3:39 PM IST
Highlights

ഒരിക്കല്‍ നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനം വീണ്ടും പിടിക്കപ്പെട്ടാല്‍ ഇരട്ടി തുക പിഴ ഈടാക്കുകയും സ്ഥാപനം ഒരു മാസത്തേക്ക് അടച്ചിടുകയും ചെയ്യും. 

മസ്‍കത്ത്: ഒമാനിലെ ഹോട്ടലുകളിലും ട്രാവല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും വിനോദ സഞ്ചാര മന്ത്രാലയം പരിശോധന നടത്തും.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായാണ് നടപടികള്‍. വീഴ്‍ച വരുത്തുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയും സ്ഥാപനം അടച്ചുപൂട്ടുന്നതടക്കം ശക്തമായ നടപടികളും സ്വീകരിക്കാനാണ് തീരുമാനം.

ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ കൂടി സഹകരണത്തോടെയായിരിക്കും വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പരിശോധന. ഒരിക്കല്‍ നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനം വീണ്ടും പിടിക്കപ്പെട്ടാല്‍ ഇരട്ടി തുക പിഴ ഈടാക്കുകയും സ്ഥാപനം ഒരു മാസത്തേക്ക് അടച്ചിടുകയും ചെയ്യും. സ്ഥാപനങ്ങള്‍ സഹാല പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതും നിയമലംഘനമായി കണക്കാക്കും.

ക്വാറന്റീനില്‍ കഴിയുന്നവരെ അവിടെ നിന്ന് പുറത്ത് പോകാന്‍ അനുവദിക്കുക, മറ്റ് മുറികളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക, ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് വേണ്ടി മാറ്റിവെച്ചിട്ടുള്ള മുറികളുടെ നിരക്ക് കൂട്ടുക, വൃത്തിയും സേവന ഗുണനിലവാരവും ഉറപ്പുവരുത്താന്‍ കഴിയാതിരിക്കുക തുടങ്ങിയവയൊക്കെ നിയമലംഘനങ്ങളാക്കി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

click me!