ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കി അധികൃതര്‍

By Web TeamFirst Published Jan 22, 2019, 12:12 AM IST
Highlights

വിദേശ സർവ്വകലാശാലകളിൽ നിന്നും പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും ശരാശരി എല്ലാ വർഷവും ഏകദേശം മുപ്പതിനായിരത്തോളം സ്വദേശി യുവതി യുവാക്കൾ ആണ് വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയെ ആശ്രയിക്കുന്നത്

മസ്ക്കറ്റ്: ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന് മുന്നോടിയായി ഈ ആഴ്ചയിൽ മാത്രം നാലായിരത്തോളം സ്വദേശികളെയാണ് അഭിമുഖ പരീക്ഷയ്ക്കായി മാനവ വിഭവ ശേഷി മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോട് കൂടി രാജ്യത്തെ 58 സ്വകാര്യ കമ്പനികളാണ് അഭിമുഖങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള 358 ഒഴിവുകളിലേക്ക്‌ 3,876 അപേക്ഷകർ ആണ് ഉള്ളത്. രാജ്യത്തിന്റെ ആറു ഗവർണറേറ്റുകളിൽ നടന്നു വരുന്ന അഭിമുഖങ്ങൾ ബുധനാഴ്ച അവസാനിക്കും.

വിദേശ സർവ്വകലാശാലകളിൽ നിന്നും പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും ശരാശരി എല്ലാ വർഷവും ഏകദേശം മുപ്പതിനായിരത്തോളം സ്വദേശി യുവതി യുവാക്കൾ ആണ് വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയെ ആശ്രയിക്കുന്നത്.

ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ പ്രകാരം ഡിസംബർ 2017 മുതൽ നവംബർ 2018 വരെയുള്ള കാലയളവിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്‍റെ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 1988 ൽ മുതൽക്കാണ് ഒമാനിൽ സ്വദേശിവത്കരണം എല്ലാ മേഖലയിലും ആരംഭിച്ചു തുടങ്ങിയത്. 

ഗതാഗതം , വാർത്താ വിതരണം ചരക്കു നീക്കം എന്നീ മേഖലയിൽ 60 % വും , ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് എന്നീ രംഗത്ത് - 45% വും , വ്യവസായ മേഖലയിൽ - 35% വും , ഹോട്ടലുകൾ, ഭക്ഷണ ശാലകളിൽ - 30% വും മൊത്ത - ചില്ലറ വ്യാപാരം മേഖലയിൽ - 20% , എന്നി നിലവാരത്തിലാണ് സ്വദേശിവത്കരണം രാജ്യത്തു പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. 

click me!