രണ്ട് മേഖലകളില്‍ കൂടി തൊഴില്‍വിസ നിര്‍ത്തി; ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

By Web TeamFirst Published Feb 3, 2020, 11:52 PM IST
Highlights

സെയിൽസ് റെപ്രസെന്റേറ്റീവ് അല്ലെങ്കിൽ സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റെപ്രസെന്റേറ്റീവ് എന്നി തസ്തികളിലേക്കുള്ള വിസകൾ ഇനി വിദേശികൾക്ക് അനുവദിക്കില്ല

മസ്ക്കറ്റ്: ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു. പുതിയ രണ്ട് മേഖലകളിൽ കൂടി തൊഴിൽ വിസ നിർത്തി വെച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിലവിൽ 100ൽ പരം തൊഴിൽ വിസകൾക്ക് രാജ്യത്ത് വിലക്ക് നിലനിൽക്കുന്നുണ്ട്. സെയിൽസ് റെപ്രസെന്റേറ്റീവ് അല്ലെങ്കിൽ സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റെപ്രസെന്റേറ്റീവ് എന്നി തസ്തികളിലേക്കുള്ള വിസകൾ ഇനി വിദേശികൾക്ക് അനുവദിക്കില്ല.

ഒമാൻ മാനവവിഭവ ശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്‌രി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഒമാനിൽ ഈ രണ്ട് വിസകളിലും തുടരുന്നവർക്ക് വിസ പുതുക്കി ലഭിക്കില്ലെന്നും ഉത്തരവിലുണ്ട്. വിസാ വിലക്ക് ഏർപ്പെടുത്തിയ ഈ തസ്തികകളിൽ ഇനി സ്വദേശികൾക്ക് മാത്രമെ നിയമനം നൽകൂ.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഉത്തരവ് പ്രാബല്യത്തിൽ വന്നു. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികൾ നിലവിൽ ഈ ജോലികളിൽ രാജ്യത്ത് തുടരുന്നുണ്ട്. വിസാ കാലാവധി പൂർത്തിയാകുന്നതോടെ ഇവർക്ക് രാജ്യത്തുനിന്ന് മടങ്ങേണ്ടിവരും.

നേരത്തെ സ്വദേശിവത്കരണം നടപ്പാക്കിയ തസ്തികകളിൽ വിസ പുതുക്കി നൽകിയിരുന്നെങ്കിലും പുതിയ രണ്ട് തസ്തികകളിലും അതുണ്ടാകില്ല. നിലവിൽ 100ൽ പരം തൊഴിൽ വിസകൾക്ക് ഒമാനിൽ വിലക്ക് നിലനിൽക്കുന്നുണ്ട്. കൂടുതൽ തസ്തികളിൽ വിലക്ക് വരുന്നതോടെ രാജയത്ത് വിദേശികളുടെ തൊഴിലവസരങ്ങൾ കുറയും. 

click me!