ഒമാനിൽ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

By Web TeamFirst Published May 30, 2019, 10:27 AM IST
Highlights

ഖൈറുള്ളയുടെ മൂത്തമകൻ സർദാർ ഫസൽ അഹമ്മദ് രണ്ട് വർഷമായി ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്. 18ന് ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാദി ബനീ ഖാലിദില്‍ വച്ചാണ് ഖൈറുള്ള ഖാനും കുടുംബവും അപകടത്തിൽപ്പെട്ടത്. 

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി സര്‍ദാര്‍ ഫസലിന്റെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന മകന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.  ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്ന സർദാർ ഫസൽ അഹമ്മദിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം ഒമാനിലെത്തിയത്. ഇതോടെ ആകെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഖൈറുള്ളയുടെ മൂത്തമകൻ സർദാർ ഫസൽ അഹമ്മദ് രണ്ട് വർഷമായി ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്. 18ന് ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാദി ബനീ ഖാലിദില്‍ വച്ചാണ് ഖൈറുള്ള ഖാനും കുടുംബവും അപകടത്തിൽപ്പെട്ടത്. വാദി ബനീ ഖാലിദില്‍ എത്തിയപ്പോള്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കനത്തമഴയും മൂടൽമഞ്ഞും കാരണം പരാജയപ്പെട്ടു. അതിനിടയിൽ കാറിന്റെ ഡോർ തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സർദാറിന്റെ നാല് വയസ്സുള്ള മകൾ സിദ്റ ഒഴുക്കിൽപ്പെടുകയായിരുന്നു. 

മകളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സർദാർ പറഞ്ഞു. സമീപത്ത് കണ്ട മരത്തില്‍ പിടിച്ചാണ് താൻ ഒഴുക്കതിൽപ്പെടാതെ രക്ഷപ്പെട്ടതെന്നും സർദാർ കൂട്ടിച്ചേർത്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആദ്യം സര്‍ദാറിന്റെ അമ്മയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിന് ശേഷമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് പേരുടെ മൃതദേഹം കൂടി കിട്ടിയത്. കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൂടി ലഭിച്ചു. അവശേഷിക്കുന്ന രണ്ട് വയസുകാരനായി തെരച്ചില്‍ തുടരുകയാണ്. ഒമാന്‍ തലസ്ഥാന നഗരമായ മസ്കത്തിൽനിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന വാദി ബനീ ഖാലിദ്. 

click me!